Pravasimalayaly

സോളാര്‍ ലൈംഗിക പീഡന കേസ്: എംഎല്‍എ ഹോസ്റ്റലില്‍ ഹൈബി ഈഡന്‍ താമസിച്ച മുറിയില്‍ സിബിഐ പരിശോധന

തിരുവനന്തപുരം: സോളാര്‍ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന. കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്‍ എംഎല്‍എ ആയിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന മുറിയിലാണ് സിബിഐ പരിശോധന നടത്തുന്നത്. നിള ബ്ലോക്കിലെ 34-ാം നമ്പര്‍ മുറിയിലാണ് പരിശോധന. എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ വച്ച് ഹൈബി ഈഡന്‍ പീഡിപ്പിച്ചു എന്നതാണ് പരാതിയില്‍ പറയുന്നത്.

2021 ജനുവരിയിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്. പ്രാഥമികാന്വേഷണത്തിനും നിയമോപദേശത്തിനും ശേഷം ആഗസ്റ്റിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളകുട്ടി എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

ലൈംഗിക പീഡനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ആറ് എഫ്‌ഐആറാണുള്ളത്. ലൈംഗികാതിക്രമം, വഞ്ചന, കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകല്‍ എന്നിവയാണ് ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കുറ്റം. മറ്റുള്ളവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും അടൂര്‍ പ്രകാശ് ഒഴികെയുള്ളവരുടെയെല്ലാം പേരില്‍ ലൈംഗിക പീഡനത്തിനും കുറ്റം ചുമത്തി. ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകെ നടന്ന് ശല്യം ചെയ്തതിന് അടൂര്‍ പ്രകാശിനും അബ്ദുള്ളക്കുട്ടിക്കും  എതിരെ കുറ്റവുമുണ്ട്. വധഭീഷണി മുഴക്കിയെന്നതും അബ്ദുള്ളക്കുട്ടിക്കെതിരെയുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് പരാതിക്കാരിയുടെ അപേക്ഷയിലാണ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്.

Exit mobile version