Pravasimalayaly

പേവിഷ വാക്സിന്റെ ഗുണനിലവാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; വിദഗ്ധ സംഘം കേരളത്തിലേക്ക്

പേവിഷ വാക്സിന്റെ ഗുണനിലവാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയോട് റിപ്പോര്‍ട്ട് തേടിയത്. കേരളം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പേവിഷ വാക്സിന്‍ ദേശീയ ഡ്രഗ്സ് ലബോറട്ടറിയില്‍ പരിശോധിക്കും.വാക്സിന്‍ ഫലപ്രദമല്ലെന്ന് പറയാനാകില്ലെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ അധികൃതര്‍ സൂചിപ്പിച്ചു. പേവിഷ ബാധയ്ക്കെതിരായ വാക്സിന്‍ സ്വീകരിച്ചിട്ടും മരണമുണ്ടായ സാഹചര്യത്തില്‍ കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അയച്ചതായും അറിയിച്ചു. സംഘം സാമ്പിള്‍ പരിശോധിച്ചു. 15 ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നാണ് സൂചന. മരിച്ചവര്‍ക്ക് നല്‍കിയ വാക്സിന്‍ ഡോസ്, പട്ടി കടിയേറ്റ ശരീരഭാഗം എന്നിവ പരിശോധിക്കണമെന്നും ഡ്രഗ്സ് കണ്‍ട്രോള്‍ അധികൃതര്‍ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്നും നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പാലക്കാട് 26 പേരാണ് നായയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് ഇത്രയും പേര്‍ പട്ടികടിയേറ്റ് ചികിത്സ തേടിയത്.

Exit mobile version