യുപിയും ഉത്തരാഖണ്ഡം അടക്കം അനേകം സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് അടക്കമുള്ളവ ലക്ഷ്യമിട്ട് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ബുധനാഴ്ച നടന്നേക്കുമെന്ന് സൂചന. വന്‍ മാറ്റങ്ങളോടെയാകും മന്ത്രിസഭ വികസനം നടക്കുമെന്നും കേരളത്തിൽനിന്നുള്ള വി.മുരളീധരന് സ്വതന്ത്ര ചുമതല ലഭിക്കുമെന്നും സൂചനകളുണ്ട്.
വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ചെറുപ്പക്കാർക്കും പരിഗണന ലഭിക്കുമെന്നുമാണ് വിവരം. കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയുടെ അവസാനവട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. 81 അംഗങ്ങള്‍ വരെ ആകാവുന്ന മന്ത്രിസഭയില്‍ നിലവില്‍ 53 മന്ത്രിമാരാണ് ഉള്ളത്. മന്ത്രിമാരുടെ പ്രകടനം വിലയിരുത്തി മോശം പ്രകടനം കാട്ടിയവരെ മാറ്റിയാകും പുതിയവരെ കൊണ്ടുവരിക. അതുപോലെ ഒരാള്‍ ഒന്നിലധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന രീതിയും അവസാനിപ്പിച്ചേക്കും.
കേരളത്തില്‍ നിന്നുള്ള വി.മുരളീധരന് സ്വതന്ത്ര ചുമതലയിലേക്ക് പരീക്ഷിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദേശകാര്യം നിലനിര്‍ത്തുന്നതിന് ഒപ്പം ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയും നല്‍കിയേക്കും. ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനോവാള്‍, നാരായണ്‍ റാണ, അനുപ്രിയ പട്ടേല്‍ തുടങ്ങിയവരും മന്ത്രിമാരായേക്കും. ഇവര്‍ ഡല്‍ഹിയിലെത്തി. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗലോട്ടിനെ ഗവര്‍ണറാക്കിയത് കേന്ദ്രമന്ത്രിസഭയില്‍ നടക്കാനിരിക്കുന്ന വലിയ അഴിച്ചുപണിയുടെ സൂചനയാണെന്നാണ് വിലയിരുത്തല്‍.
തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കുന്ന യുപിയില്‍ നിന്ന് ആറ് മന്ത്രിമാര്‍വരെ ഉണ്ടായേക്കാം. വരുണ്‍ ഗാന്ധി, റാം ശങ്കര്‍ കത്താരിയ, അനില്‍ ജെയിന്‍, റീത്ത ബഹുഗുണ ജോഷി എന്നീ പേരുകള്‍ക്കാണ് സാധ്യത. ഉത്തരാഖണ്ഡില്‍നിന്ന് അജയ് ഭട്ട്, അനില്‍ ബലൂനി എന്നീ പേരുകളാണ് പരിഗണിക്കുന്നത്. എല്‍ജെപി, ജെഡിയു, അപ്നാദള്‍ എന്നീ സഖ്യകക്ഷികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകും. കേന്ദ്രമന്ത്രിയായിരിക്കെ അന്തരിച്ച റാം വിലാസ് പാസ്വാനു പകരം ആരെത്തുമെന്നതില്‍ എല്‍ജെപിയില്‍ തര്‍ക്കം തുടരുകയാണ്.
ചിരാഗ് പസ്വാനേക്കാള്‍ ബന്ധുവായ പശുപതിപരസ് കുമാറിനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അടുത്തിടെ പശുപതി കുമാര്‍ പരസും ഒപ്പമുള്ള ആളുകളും ചിരാഗിന്റെ എതിരാളികളായ നിതീഷിനൊപ്പം ചേര്‍ന്നിരുന്നു. ചിരാഗിനെ പുറംതള്ളിയായിരുന്നു ഇവര്‍ മുമ്പോട്ട് പോയത്.