ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് യോഗം വിളിച്ചു. കോവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുക്കും.
അതിനിടെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കി. പുതിയ കോവിഡ് വകഭേദങ്ങള്‍ ഉണ്ടാവുന്നുണ്ടോ എന്ന് തിരിച്ചറിയുന്നതിന് പോസിറ്റീവ് കേസുകളുടെ ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു.
ചൈനയ്ക്ക് പുറമേ ജപ്പാന്‍, അമേരിക്ക, ബ്രസീല്‍, തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ ഉയര്‍ന്നുവരികയാണ്. പുതിയ സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവ് കേസുകളുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് വിധേയമാക്കുന്നത് വര്‍ധിപ്പിക്കേണ്ടതുണ്ട്. കൊറോണ വൈറസുകളെ ട്രാക്ക് ചെയ്യുന്നതിന് ഇത് അനിവാര്യമാണെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ പറയുന്നു.
മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ പുതിയ വകഭേദങ്ങളെ നേരത്തെ തന്നെ തിരിച്ചറിയാന്‍ സഹായിക്കും. അതുവഴി ആരോഗ്യരംഗത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലാബുകളുടെ കൂട്ടായ്മയായ ഇന്‍സാകോഗ് വഴി ജനിതക ശ്രേണീകരണം നടത്തിയാണ് വൈറസുകളെ നിരീക്ഷിക്കുന്നത്.
എല്ലാ പോസിറ്റീവ് കേസുകളുടെയും സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് ഇന്‍സാകോഗിലേക്ക് അയക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു. ഇന്നലെ 112 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 3490 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.