സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നിൽ തിരക്കഥയുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയിക്കുന്നതായും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

0
52

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നിൽ തിരക്കഥയുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയിക്കുന്നതായും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിക്കുന്നതായുള്ള സ്വപ്നയുടെ ശബ്ദസന്ദേശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വെച്ച് ആരോപണം ഉന്നയിച്ചത്. മുരളീധരന്റെ വാർത്താ സമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങൾ സ്വപ്ന ജയിലിലാണ്. കേരളത്തിലെ അഭ്യന്തര വകുപ്പിന് കീഴിലാണ് ജയിലുകളുള്ളത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹം ആസൂത്രണം ചെയ്ത് പിറത്തുവിട്ടതാണോയെന്ന് സംശയമുണ്ട്. അത് അന്വേഷിക്കണം. രണ്ട് മാസങ്ങൾക്ക് മുമ്പുള്ളതാണ് ശബ്ദ സന്ദേശമെങ്കിൽ അന്നെന്താണ് പുറത്തുവിടാഞ്ഞതെന്നും മുരളീധരൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാൾ ജയിലിന് അകത്തായി. അടുത്തയാളെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസികൾ വിളിപ്പിച്ചിരിക്കുന്നു. അയാളെ ചോദ്യം ചെയ്യുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വെച്ചിരിക്കുന്നുവെന്ന് മുൻകൂർ ജാമ്യം എടുക്കാൻ വേണ്ടിയിട്ടുള്ള ഒരു നാടകമാണ് ഈ ശബ്ദരേഖ. മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായ തിരക്കഥയയുടെ ഭാഗമാണ് ശബ്ദരേഖയെന്നും മുരളീധരൻ പറഞ്ഞു.പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വെച്ചുള്ളതല്ല.സ്വർണക്കടത്ത് നടത്തിയത് ആർക്കുവേണ്ടിയാണെന്നും ആരൊക്കെയാണെന്നും കണ്ടെത്തുകയാണ് ലക്ഷ്യം. തെളിവുകൾ അന്വേഷണ ഏജൻസിയെ മുഖ്യമന്ത്രിയുടെ ഓഫീലേക്ക് എത്തിച്ചാൽ അതിന്റെ ഉത്തരവാദി അന്വേഷണ ഏജൻസി അല്ലെന്നും മുഖ്യമന്ത്രിയാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. 

Leave a Reply