ഈ വര്‍ഷം ഇതുവരെ രാജ്യത്തേക്കു കള്ളക്കടത്തായി കൊണ്ടുവന്ന 3083 കിലോഗ്രാം സ്വര്‍ണം എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. കേരളത്തിലാണ് ഇതില്‍ കൂടുതലെന്നും ധന സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയെ അറിയിച്ചു.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പിടിച്ചെടുത്ത സ്വര്‍ണം കൂടിയിട്ടുണ്ട്. 2383 കിലോ സ്വര്‍ണമാണ് കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തത്. തൊട്ടു മുന്‍ വര്‍ഷം ഇത് 2154 കിലോഗ്രാം ആയിരുന്നു.
നവംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് കേരളത്തില്‍ നിന്ന് 690 കിലോ സ്വര്‍ണമാണ് പിടിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 587 കിലോ ആയിരുന്നു. 2020ല്‍ 406 കിലോ സ്വര്‍ണമാണ് കേരളത്തില്‍ പിടിച്ചെടുത്തത്. 2019ല്‍ കേരളത്തില്‍നിന്ന് 725 കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു.
മഹാരാഷ്ട്രാ (474 കിലോ), തമിഴ്നാട് (440), പശ്ചിമ ബംഗാള്‍ (369) എന്നിങ്ങനെയാണ് കൂടുതല്‍ സ്വര്‍ണം പിടിച്ചെടുത്ത മറ്റു സംസ്ഥാനങ്ങള്‍.
സ്വര്‍ണക്കടത്തു തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രി അറിയിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി മൂന്നു കേസുകളില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്. കസ്റ്റംസും റവന്യൂ ഇന്റലിജന്‍സും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.