Pravasimalayaly

ഡിപിആർ അപൂർണം; കെ-റെയിലിന് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: കെ-റെയിലിന് ഇപ്പോൾ അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളം സമർപ്പിച്ച ഡിപിആര്‍ അപൂര്‍ണമെന്നും പദ്ധതിയുടെ സാങ്കേതിക വിവരങ്ങൾ ഡിപിആറിൽ വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

ലോക്‌സഭയിൽ എംപിമാരായ എന്‍കെ പ്രേമചന്ദ്രനും കെ മുരളീധരനും ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

പദ്ധതിയുടെ ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡിപിആറില്‍ ഇല്ല. ഏറ്റെടുക്കേണ്ട റെയില്‍വേ-സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം. പദ്ധതിയുടെ സാങ്കേതിക വിവരങ്ങൾ നൽകിയിട്ടില്ല. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല. ഇതെല്ലാം പരിശോധിച്ചു മാത്രമേ തീരുമാനമെടുക്കാനാകൂ എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

അതേസമയം, കെ-റെയിൽ പദ്ധതിയെ കേന്ദ്രസർക്കാർ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് രാജ്യസഭാ എംപിയും സിപിഎം നേതാവുമായ എളമരം കരീം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ റെയിൽവേ മന്ത്രിയെ കണ്ടപ്പോൾ ചില ചോദ്യങ്ങളും സംശയങ്ങളും പങ്കുവെച്ചിരുന്നു. അക്കാര്യങ്ങളിൽ സംസ്ഥാനം മറുപടി നൽകും. പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

തട്ടിക്കൂട്ടിയ ഡിപിആർ ആണെന്ന് കേരളത്തിലെ യുഡിഎഫ് നേതാക്കൾ പറഞ്ഞത് കേന്ദ്ര ശരിവെച്ചെന്ന് കെ.മുരളീധരൻ എംപി പറഞ്ഞു.

Exit mobile version