ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്. പോര്‍ചുഗലിലെ ഡോ ഡ്രാഗോ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ മാഞ്ചസ്‌റ്റര്‍ സിറ്റിയും ചെല്‍സിയും തമ്മില്‍ ഏറ്റുമുട്ടും.
മത്സരം കാണാന്‍ 16,500 പേര്‍ക്ക് അനുമതി ലഭിച്ചു. സ്‌റ്റേഡിയത്തിന്റെ ശേഷിയുടെ 33 ശതമാനമാണിത്. സിറ്റിയുടെയും ചെല്‍സിയുടെയും 6000 ആരാധകര്‍ വീതം കളി കാണാനെത്തും. തുര്‍ക്കിയിലെ ഇസ്‌താംബൂളില്‍ നടക്കേണ്ട ഫൈനലാണ് കോവിഡ്-19 വൈറസിന്റെ വ്യാപനം രൂക്ഷമായതോടെ പോര്‍ട്ടോയിലേക്കു മാറ്റിയത്.
തുര്‍ക്കിക്കു ബ്രിട്ടന്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചതും നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചു. സിറ്റി കോച്ച് പെപ് ഗാഡിയോളയും ചെല്‍സി കോച്ച് തോമസ് ടുഷലും കിരീടത്തില്‍ കുറഞ്ഞ ലക്ഷ്യമില്ലാതെയാണു പോര്‍ട്ടോയിലെത്തിയത്. പ്രീമിയര്‍ ലീഗ്, ലീഗ് കപ്പ് കിരീടങ്ങള്‍ക്കു ശേഷം ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടാനാണു ഗാഡിയോളയും ശിഷ്യന്‍മാരും തയാറെടുത്തത്.
കഴിഞ്ഞ ആറാഴ്‌ചയ്‌ക്കിടെ ചെല്‍സി സിറ്റിയെ രണ്ടുവട്ടം തോല്‍പ്പിച്ചു. എഫ്.എ. കപ്പ് സെമി ഫൈനലിലും പ്രീമിയര്‍ ലീഗ് മത്സരത്തിലും. ഫ്രാങ്ക് ലാംപാഡിന്റെ പകരക്കാരനായി ജനുവരിയില്‍ ചുമതലയേറ്റതാണു ടൂഷല്‍. എഫ്.എ. കപ്പ് ഫൈനലില്‍ ലെസ്‌റ്റര്‍ സിറ്റിയോടു തോറ്റ ക്ഷീണത്തിലാണ് അവരുടെ വരവ്. പരസ്‌പരം ഏറ്റുമുട്ടിയ കഴിഞ്ഞ 20 മത്സരങ്ങളില്‍ പത്തില്‍ സിറ്റിയും എട്ടില്‍ ചെല്‍സിയും ജയിച്ചു. രണ്ട് മത്സരങ്ങള്‍ മാത്രമാണു സമനിലയില്‍ അവസാനിച്ചത്.
അവസാന മൂന്ന് മത്സരങ്ങളില്‍ ചെല്‍സിയാണു ജയിച്ചത്. 1970-71 സീസണിനു ശേഷം ആദ്യമായാണു സിറ്റിയും ചെല്‍സിയും തമ്മില്‍ യൂറോപ്യന്‍ ലീഗില്‍ ഏറ്റുമുട്ടുന്നത്. വിന്നേഴ്‌സ് കപ്പ് സെമി ഫൈനലിലായിരുന്നു പോരാട്ടം. ഇരുപാദങ്ങളിലും 1-0 ത്തിനു ജയിച്ച ചെല്‍സി മുന്നേറി.
ഫൈനലില്‍ റയാല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചു കിരീടവും നേടി. ചെല്‍സിയുടെ സെനഗലുകാരന്‍ ഗോള്‍ കീപ്പര്‍ എഡ്വേഡ് മെന്‍ഡി ഇന്നു കിരീടത്തില്‍ മുത്തമിട്ടാല്‍ അപൂര്‍വ നേട്ടം സ്വന്തമാക്കും. ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടുന്ന ആദ്യ ആഫ്രിക്കന്‍ ഗോള്‍ കീപ്പറെന്ന നേട്ടമാണു മെന്‍ഡിയെ കാത്തിരിക്കുന്നത്. ലിവര്‍പൂളിനു വേണ്ടി കളിച്ച സിംബാബ്‌വേക്കാരന്‍ ഗോള്‍ കീപ്പര്‍ 1984 ലെ യൂറോപ്യന്‍ കപ്പില്‍ മുത്തമിട്ടിരുന്നു. ലീഗ് സീസണിലെ 11 മത്സരങ്ങളില്‍ എട്ടിലും ക്ലീന്‍ ഷീറ്റോടെ നില്‍ക്കാന്‍ മെന്‍ഡിക്കായി. സിംബാബ്‌വേയുടെ തന്നെ ഗ്രോബ്ബീലാറാണു യൂറോപ്യന്‍ ഫൈനലില്‍ കളിക്കുന്ന ആദ്യ ആഫ്രിക്കന്‍ ഗോള്‍ കീപ്പര്‍. ഗ്രോബ്ബീലാറും ലിവര്‍പൂളിനു വേണ്ടിയാണു കളിച്ചത്.