Pravasimalayaly

ചങ്ങനാശേരിയിൽ കെ.സി ജോസഫിനെ മത്സരിപ്പിക്കരുതെന്ന് സോഷ്യൽ മീഡിയയിൽ ഭൂരിപക്ഷ അഭിപ്രായം, ഡോ.അജീസിനെ മത്സരിപ്പിക്കണമെന്ന് അഭിപ്രായം

ചങ്ങനാശേരി: നിയമസഭാതെരഞ്ഞെടുപ്പിൽ ചങ്ങനാശേരി സീറ്റ് കോൺഗ്രസ് ഏറ്റെടുത്താൽ കെ.സി ജോസഫിനെ മത്സരിപ്പിക്കെരുതെന്ന് സോഷ്യൽ മീഡിയാ സർവേ.70000 ത്തോളം പേർ അംഗങ്ങളായ ചങ്ങനാശേരി ജംഗ്ഷൻ എന്ന ഫേസ്ബുക്ക് കൂട്ടായ്മ നടത്തിയ സർവേയിലാണ് കെ.സി ജോസഫിനെതിരേ രൂക്ഷമായ അഭിപ്രായപ്രകടനം. ഇരിക്കൂരിൽ ഇത്തവണ മത്സരത്തിനില്ലെന്നു വ്യക്തമാക്കിയതിനു പിന്നാലെ ചങ്ങനാശേരിയിൽ മത്സരിക്കാൻ സാധ്യതയെന്ന പ്രചാരണം സജീവമായിരുന്നു..ഇതിനു പിന്നാലെയാണ് ചങ്ങനാശേരിയിൽ കോൺഗ്രസാണ് മത്സരിക്കുന്നതെങ്കിൽ ആരായിരിക്കും ഉചിതമെന്ന ചോദ്യവുമായി ചങ്ങനാശേരി ജംഗ്ഷൻ ഫേസ്ബുക്ക് കൂട്ടായ്മ സർവേ നടത്തിയത്…. കെ.സി ജോസഫ് ഇനി പാർട്ടി പ്രവർത്തനങ്ങളിൽ സജിവമാകണമെന്നും മത്സരിക്കാനായി രംഗത്ത് എത്തെരുതെന്നും പരാമർശം ചിലർ നടത്തിയിട്ടുണ്ട്.. പുതുമുഖത്തിന് അവസരം നല്കണമെന്നതാണ് സർവേയിൽ പങ്കെടുത്ത കൂടുതൽ ആളുകളും ആവശ്യപ്പെടുന്നത്.. ഇതിൽ തന്നെ കെപിസിസി അംഗവും കോളജ് പ്രഫസറുമായ ഡോ. അജീസ് ബെൻ മാത്യൂസിൻ്റെ പേരാണ് കൂടുതൽ ആളുകളും നിർദേശിച്ചത്. ജോസി സെബാസ്റ്റ്യൻ, പി.എസ്‌ രഘുറാം ഉൾപ്പെടെ അഞ്ചു പേരെയാണ് സർവേയിൽ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയത്…അഡ്‌മിൻ്റെ സർവേ വിശദീകരണം ചുവടെ… തിരഞ്ഞെടുപ്പ് ഒക്കെ വരികയാണല്ലോ ഇന്ന് നമുക്ക് ചങ്ങനാശ്ശേരിയിലെ വലതുപക്ഷ രാഷ്ട്രീയം ഒന്ന് ചർച്ച ചെയ്യാം. സിഫ് സർ മൺമറഞ്ഞതോടെ ചങ്ങനാശ്ശേരിയിലെ യുഡിഎഫിന് ഒരു നാഥനെ നഷ്ടപ്പെട്ടിരിക്കുകയാണ്, ഇക്കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പിൽ വിമതൻമാരുടെ കടന്നു വരവോടുകൂടി അതിന് ആക്കം കൂട്ടിയിരിക്കുകയാണ്, പണ്ടൊക്കെ സിഫ് സാറിന്റെ ഒറ്റവാക്കിൽ വിമതന്മാർ മാറി നിൽക്കുമായിരുന്നു. ഇപ്പോൾ നേതാക്കന്മാർക്ക് ആർക്കും പ്രവർത്തകരുടെ മേൽ ഒരു കൺട്രോൾ ഇല്ലാത്ത അവസ്ഥ ആയിരിക്കുന്നു.

ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലം കേരള കോൺഗ്രസുകാർക്ക് സാജൻ ഫ്രാൻസിസും വി ജെ ലാലിയും തമ്മിലുള്ള സ്ഥാനാർത്ഥിത്വ മത്സരം മൂലം പി ജെ ജോസഫിന് തന്നെ തലവേദനയായി മാറിയിരിക്കുകയാണ്, ഈ തമ്മിലടി മൂലം മണ്ഡലം ഏതാണ്ട് നഷ്ടപ്പെട്ട അവസ്ഥയിലാണ്, അവസാന ചിത്രങ്ങൾ ഇനിയും തെളിയാൻ ഇരിക്കുന്നതേയുള്ളൂ. ഇപ്പോഴത്തെ അവസ്ഥ വെച്ച് വലതുപക്ഷ രാഷ്ട്രീയത്തിലെ ചങ്ങനാശ്ശേരി നിയോജക മണ്ഡലം കോൺഗ്രസ് ഐ യുടെ കൈകളിലേക്കാണ് നീങ്ങുന്നത്. സ്ഥാനാർത്ഥി ചർച്ചകൾ സജീവമായി തുടങ്ങി, രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടേക്കുള്ള പിന്മാറ്റത്തോടെ
76 കാരനായ ശ്രീ കെ സി ജോസഫ് ചങ്ങനാശ്ശേരി മണ്ഡലത്തിനായി പിടിമുറുക്കിക്കഴിഞ്ഞു. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പും പിടിമുറുക്കി ഒപ്പത്തിന് ഉണ്ട്. ഇവർക്കൊക്കെ ചങ്ങനാശ്ശേരിയുടെ ശബ്ദമാകാൻ കഴിയുമോ?

ഡോക്ടർ അജീസ് ബെൻ മാത്യൂസ് മികച്ച ഒരു പൊതുപ്രവർത്തകനാണ്, ജോസി സെബാസ്റ്റ്യൻ പ്രവർത്തന മികവുകൊണ്ട് മുന്നിൽ നിൽക്കുന്നു, അഡ്വക്കേറ്റ് പി എസ് രഘുറാം ജനങ്ങൾക്കൊപ്പം ഉണ്ട്, രാജീവ് മേച്ചേരി സ്വന്തമായി നിലപാടുകളും കാഴ്ചപ്പാടുകളും ഉള്ള വ്യക്തിയാണ് ഇവരെയൊക്കെ അല്ലേ സ്ഥാനാർത്ഥിയായി പരിഗണിക്കേണ്ടത്? നിങ്ങൾ നാട്ടിലെ പ്രവർത്തകരുടെ മനസ്സു കൂടി അറിഞ്ഞിട്ടുവേണം സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ. ഞാനിവിടെ എഴുതുന്നത് സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ വികാരം ആണ്, കോൺഗ്രസിനെ വെളിയിൽ നിന്ന് നോക്കി കാണുന്ന ഞാനെന്ന ഒരു വ്യക്തിയുടെ അഭിപ്രായം കൂടിയാണ്. ആരെ തെരഞ്ഞെടുത്താലും നാടിന് നന്മയുള്ള ആളുകൾ വരണം, എന്നാലേ നമ്മുടെ ചങ്ങനാശ്ശേരിക്ക് ഒരു മാറ്റം ഉണ്ടാവു. ഇങ്ങനെയുള്ള വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നത് ഇത് നമ്മുടെ നാടുമായി ബന്ധപ്പെട്ട കാര്യം ആയതുകൊണ്ടാണ്. നാടിന്റെ വികസന ചർച്ചയിൽ നമ്മളെല്ലാവരും പങ്കാളികൾ ആകേണ്ടതാണ്.

Exit mobile version