പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതക കാരണം രാഷ്ട്രീയം വിരോധം മൂലമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ ആകെ 20 പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.
എസ്ഡിപിഐ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ പിടിയിലായ 10 പേര്‍ക്കെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. ആയിരത്തിലേറെ ഫോണ്‍ കോള്‍ രേഖകളും സിസിടിവി തെളിവുകളും അടങ്ങുന്നതാണ് കുറ്റപത്രം. കേസില്‍ നേരിട്ട് പങ്കുള്ള 5 പേരടക്കം 11 പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു. നവംബര്‍ 15നാണ് സഞ്ജിത്തിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയത്. പ്രതികളെ പിടികൂടാന്‍ പൊലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സഞ്ജിത്തിന്റെ കുടുംബവും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
രാഷ്ട്രീയ വൈരാഗ്യമാണ് സഞ്ജിത്തിനെ കൊലപ്പെടുത്താനുള്ള കാരണമായി പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു. അവരുടെ സംഘടനയിലെ മറ്റൊരു പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന്റെ വൈരാഗ്യവും കാരണമായതെന്നാണ് പ്രതികള്‍ പറയുന്നതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. ദീര്‍ഘനാളത്തെ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നാണ് വിവരം.