ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും മരുമകളെയും പേരക്കുട്ടികളെയും തീക്കൊളുത്തി കൊന്നിട്ടും കുറ്റബോധം തരിമ്പില്ലാതെ പ്രതി ഹമീദ്. പോലീസിനോട് കുറ്റം സമ്മതിച്ച പ്രതി തനിക്ക് ജീവിക്കണമെന്നും പോലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു പ്രതിയുടെ ഒരു ആവശ്യം.
കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. മകന്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്റു, അസ്ന എന്നിവരെയാണ് ഹമീദ് കൊലപ്പെടുത്തിയത്. മകന്‍ ഭക്ഷണം നല്‍കുന്നില്ല എന്ന് കാണിച്ച് മുന്‍പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വര്‍ഷങ്ങളായി അച്ഛന്‍ ഹമീദിന് മകനോടുളള പകയാണ് ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചത്. സ്വത്ത് വീതിച്ചു നല്‍കിയപ്പോള്‍ ഉണ്ടാക്കിയ കരാര്‍ പാലിക്കാത്തതും കൊലക്ക് കാരണമായെന്നാണ് ഹമീദിന്റെ മൊഴി. തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം ഹമീദ് രണ്ട് ആണ്‍ മക്കള്‍ക്കുമായി വീതിച്ചു നല്‍കിയിരിക്കുകയാണ്.
സംഭവം നടന്ന തറവാട് വീടും അതിനോട് ചേര്‍ന്ന പുരയിടവും മുഹമ്മദ് ഫൈസലിനാണ് നല്‍കിയിരുന്നത്. വാര്‍ധക്യ കാലത്ത് ഹമീദിനെ സംരക്ഷിക്കണമെന്നും പറമ്പിലെ ആദായം ഫൈസലിന് എടുക്കാം എന്നുമായിരുന്നു വ്യവസ്ഥ.