Saturday, November 23, 2024
HomeNewsKeralaഇടുക്കിയിൽ മായം കലർന്ന മീൻ പിടികൂടാൻ വലവീശി ഭക്ഷ്യസുരക്ഷാ വകുപ്പ്; ഹോട്ടലുകളിലും പരിശോധന

ഇടുക്കിയിൽ മായം കലർന്ന മീൻ പിടികൂടാൻ വലവീശി ഭക്ഷ്യസുരക്ഷാ വകുപ്പ്; ഹോട്ടലുകളിലും പരിശോധന

ഇടുക്കിയിൽ മായം കലർന്ന മീൻ പിടികൂടാൻ ജില്ലയിലാകെ വലവീശി ഭക്ഷ്യസുരക്ഷാ വകുപ്പ്. മത്സ്യം, മാംസം ഉൾപ്പെടെ പഴകിയ ഭക്ഷണപദാർഥങ്ങൾ വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കാൻ കലക്ടർ നിർദേശിച്ചു. ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ പല രാസവസ്തുക്കളും മീനിൽ ചേർക്കാറുണ്ട്. ഇത്തരത്തിൽ മായം ചേർന്ന മീനുകളാണ് ഇടുക്കിയിൽ വില്ലനായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ജില്ലയിലെ മൊത്തക്കച്ചവട കേന്ദ്രങ്ങളിലും മീൻ ഇറക്കുന്ന സ്ഥലത്തും പരിശോധന നടത്തുന്നുണ്ടെന്ന് അസിസ്റ്റന്റ് ഫുഡ്‌സേഫ്റ്റി കമ്മിഷണർ എം.ടി. ബേബിച്ചൻ പറഞ്ഞു. ഹോട്ടലുകളിലും പരിശോധന നടത്തുന്നുണ്ട്

ഒരാഴ്ച മുൻപ് മീൻ കഴിച്ച് പൂച്ച ചാകുകയും വിദ്യർത്ഥികളുൾപ്പെടെ ആശുപത്രിയിലാകുകയും ചെയ്തതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയിരുന്നു. ഇതിനിടെ ഇന്നലെ ഒരു വീട്ടമ്മ മീൻ കഴിച്ച് ആശുപത്രിയിലാകുകയും ചെയ്തു. ബുധനാഴ്ച വഴിയോരക്കച്ചവടക്കാരിൽനിന്നു മീൻ വാങ്ങി കഴിച്ച തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലി (60) ആണ് ആശുപത്രിയിലായത്. മീൻ കൂട്ടി ചോറുണ്ടതിനു പിന്നാലെ ചെറിയ തോതിൽ അസ്വസ്ഥത തുടങ്ങി. തലയിൽ പെരുപ്പുണ്ടായതോടെ വീടിന്റെ ഒരുഭാഗത്തിരുന്നു. പരവേശം തോന്നിയപ്പോൾ വെള്ളം കുടിച്ചു. ഇതിനിടെ ഹൃദയമിടിപ്പും കൂടി. നടക്കാൻ പറ്റാതെ വന്നതോടെ ഭിത്തിയിൽ പിടിച്ച് നിരങ്ങി സമീപത്തെ വീട്ടിലെത്തി ഇവരുടെ സഹായം തേടി. സമീപവാസിയായ കുടുംബമാണ് പുഷ്പവല്ലിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയിലെത്താൻ വൈകിയതോടെ പുഷ്പവല്ലിയുടെ നഖങ്ങളിലടക്കം നീലനിറം വ്യാപിച്ചു. 

ഒരാഴ്ച മുൻപ് തൂക്കുപാലം മേഖലയിൽ മത്സ്യാവശിഷ്ടം കഴിച്ച് പൂച്ചകൾ ചത്തിരുന്നു. പച്ചമീൻ കഴിച്ച കുട്ടികൾക്ക് വയറുവേദന അനുഭവപ്പെട്ട് ചികിത്സ തേടിയെന്ന് പട്ടം കോളനി മെഡിക്കൽ ഓഫിസർ വി.കെ.പ്രശാന്തിന്റെ റിപ്പോർട്ടും ആരോഗ്യവകുപ്പിന് ലഭിച്ചിരുന്നു. സംഭവത്തിൽ നടപടിയെടുക്കാൻ മന്ത്രി വീണ ജോർജ് നിർദേശം നൽകി. തുടർന്നാണ് ജില്ലയിൽ കർശന പരിശോധന ആരംഭിച്ചത്. പരിശോധന കർശനമാക്കിയിട്ടും മായം കലർന്ന മീനുകൾ ജില്ലയിലെത്തുകയാണ്. ഇതോടെ കൂടുതൽ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments