ഡിഎംകെ വനിതാ നേതാവായ ആര്‍. പ്രിയ ചെന്നൈ മേയര്‍ പദവിയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ ദളിത് വനിതയാണ് പ്രിയ. തമിഴ്‌നാട്ടില്‍ അടുത്തിടെ നടന്ന നഗര തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടികജാതി വനിതയ്ക്ക് മേയര്‍ പദവി സംവരണം ചെയ്തുകൊണ്ട് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ താരാ ചെറിയാനും കാമാക്ഷി ജയരാമനും ശേഷം ചെന്നൈയുടെ മൂന്നാമത്തെ വനിതാ മേയറാകാനുള്ള അവസരമാണ് പ്രിയയ്ക്ക് ലഭിച്ചത്.
ചെന്നൈ കോര്‍പ്പറേഷനില്‍ കൗണ്‍സിലര്‍ സ്ഥാനം നേടിയ നിരവധി യുവ സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് പ്രിയ. സംസ്ഥാനത്തെ ഡിഎംകെയുടെ സഖ്യകക്ഷിയായ സിപിഐഎമ്മിലെ പ്രിയദര്‍ശിനി (21) ആണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി. തേനാംപേട്ട 98-ാം വാര്‍ഡില്‍ നിന്നാണ് പ്രിയദര്‍ശിനി വിജയിച്ചത്. പ്രിയ പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നും ചെന്നൈ കോര്‍പ്പറേഷനില്‍ ഡിഎംകെയ്ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ പ്രിയയെ ഉടന്‍ തന്നെ മേയറായി ഔദ്യോഗികമായി തിരഞ്ഞെടുക്കുമെന്നും ഡിഎംകെ പ്രഖ്യാപിച്ചു.
മംഗലപുരത്തെ 74-ാം വാര്‍ഡ് കൗണ്‍സിലറായി പ്രിയ ചുമതലയേല്‍ക്കും. വടക്കന്‍ ചെന്നൈയില്‍ നിന്നുള്ള ആദ്യ മേയറുമാണ് പ്രിയ. പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു പ്രദേശമാണ് വടക്കന്‍ ചെന്നൈ. തമിഴ് സിനിമകളില്‍ പലപ്പോഴും റൗഡികളും അക്രമവും പെരുകിയ സ്ഥലമായി വടക്കന്‍ ചെന്നൈയെ ചിത്രീകരിക്കാറുണ്ട്. വടക്കന്‍ ചെന്നൈയുടെ അയല്‍ പ്രദേശങ്ങളില്‍ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമല്ല. കുടിവെള്ളം, വൈദ്യുതി, ശുചിത്വം, കണക്റ്റിവിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്ന പ്രദേശമാണിവിടം. ഈ സാഹചര്യത്തില്‍ ഇവിടെ നിന്നുള്ള യുവ കൗണ്‍സിലറെ മേയറായി നിയമിച്ചത് സ്വാഗതാര്‍ഹമാണ്. വടക്കന്‍ ചെന്നൈയെ കൂടുതല്‍ രാഷ്ട്രീയ പ്രാതിനിധ്യമുള്ള സ്ഥലമാക്കി മാറ്റുക എന്ന ദീര്‍ഘകാല ലക്ഷ്യവും ഇതിന് പിന്നിലുണ്ടാകാം.