അഭിപ്രായ സര്‍വേകള്‍ക്കെതിരേ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്

0
16

യുഡിഎഫിന്റെ വിശ്വാസം ജനങ്ങളില്‍

തിരുവനന്തപുരം: യുഡിഎഫ് വിശ്വസിക്കുന്നത് ജനങ്ങളുടെ സര്‍വേയില്‍ മാത്രമാണെന്നും അഭിപ്രായ സര്‍വേകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
 യുഡിഎഫിന്റെ മുന്നേറ്റത്തെ തടയുന്നതിനു വേണ്ടിയുള്ള മനപ്പൂര്‍വ ശ്രമമാണ് സര്‍വേകളില്‍ നടക്കുന്നത്.
അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സര്‍ക്കാരിനെ വെള്ളപൂശാന്‍ 200 കോടി രൂപയുടെ പരസ്യമാണ് സര്‍ക്കാര്‍ നല്‍കിയത്. അതില്‍ 57 കോടി രൂപ കേരളത്തിലെ ജനങ്ങളുടെ തലയില്‍ വന്‍ഭാരം കയറ്റി വയ്ക്കുന്ന കിഫ്ബിയുടേതാണ്. ഗുജറാത്തിലെ പത്രത്തില്‍ വരെ പരസ്യം നല്‍കി. 200 കോടി രൂപയുടെ പരസ്യം നല്‍കിയതിന്റെ ഉപകാര സ്മരണയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്.  ഇത് മാധ്യമ ധര്‍മമല്ല. കേന്ദ്രത്തില്‍ നരേന്ദ്ര മോദി കോര്‍പറേറ്റുകളെ ഉപയോഗിച്ച്  മാധ്യമങ്ങളെ നിയന്ത്രിക്കുന്നതുപോലെ  പിണറായിയും മാധ്യമങ്ങളെ നിയന്ത്രിക്കുകയാണെന്നും ് ചെന്നിത്തല  പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലും ചില ഏജന്‍സികള്‍ ഇടതുമുന്നണിക്ക് വേണ്ടി ഇതേ തന്ത്രം പയറ്റിയിരുന്നു. അത് അന്ന് അമ്പേ പാളിപ്പോയത് എല്ലാവരും കണ്ടതാണ്. പിണറായി സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുന്ന പ്രതിപക്ഷ നേതാവിനെ തിരഞ്ഞുപിടിച്ച് വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമവും സര്‍വേകളിലുണ്ട്. പ്രത്യക്ഷത്തില്‍ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന വിധമാണ് ഹീനമായ ഈ തന്ത്രം പയറ്റുന്നത്. ഇനിയും വരാന്‍ പോകുന്ന സര്‍വേകളും ഇതു് പോലെയായരിക്കും. യുഡിഎഫ് അഭിപ്രായ സര്‍വേകളില്‍ വിശ്വസിക്കുന്നില്ല. ജനങ്ങളുടെ സര്‍വേയില്‍ മാത്രമാണ് യുഡിഎഫ് വിശ്വസിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Leave a Reply