തിരുവനന്തപുരം: അഴിമതി ആരോപണങ്ങളുടെ മുള്‍മുനയില്‍ നില്ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കി. മദ്യവ്യാപാരി ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം തങ്ങള്‍ക്കെതിരേ തുടര്‍ച്ചയായി വരുന്ന അഴിമതി ആരോപണങ്ങള്‍ ചെറുത്തു നില്ക്കാനുള്ള പിടിവള്ളിയായാണ് ഭരണമുന്നണി ഇതിനെ കാണുന്നത്. മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ കെഎം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഷാജിക്കെതിരായ അന്വേഷണത്തിനും സ്പീക്കര്‍ അനുമതി നല്‍കി. ഷാജിക്കെതിരെ അന്വേഷണം നടത്താന്‍ കോഴിക്കോട് വിജിലന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. ഇതിലാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ തീരുമാനം എടുത്തത്. കോണ്‍ഗ്രസ് നേതാക്കളായ വിഡി സതീശന്‍ എംഎല്‍എയ്ക്കും ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെതിരെയുമുള്ള അന്വേഷണങ്ങളിലും ഉടന്‍ തീരുമാനം ഉണ്ടാകും. പുനര്‍ജനി പദ്ധതിക്കുവേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്നതാണ് പരാതി. നാലു കോടി രൂപയുടെ പാലം പണിതീര്‍ക്കാന്‍ 10 കോടി ചെലവായി എന്ന ആരോപണമാണ് അന്‍വര്‍ സാദത്ത് നേരിടുന്നത്.