കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിക്കാനിടയായതിന് പിന്നാലെ ഷവർമ കടയിലേക്ക് ഇറച്ചി നൽകിയ കോഴിക്കട ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു. റയിൽവേ സ്റ്റേഷൻ റോഡിലെ ബദരിയ ചിക്കൻ സെന്ററാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചത്. ലെസൻസില്ലാതെ പ്രവർത്തിച്ചതിനാണ് നടപടി. ചെറുവത്തൂരിലെ മുഴുവൻ ഷവർമ കടകളിലും കോഴിക്കടയിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു.
ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കരിവള്ളൂർ പെരളം സ്വദേശിനി 16 വയസ്സുകാരി ദേവനന്ദ മരിച്ച സംഭവത്തിൽ ചെറുവത്തൂർ ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ഐഡിയൽ കൂൾ ബാറിനെതിരെ ചന്തേര പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ ദേവനന്ദയെ ഞായറാഴ്ച ഉച്ചയോടെയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു മണിയോടെ മരിച്ചു. ഭക്ഷ്യ വിഷബാധയേറ്റ് അവശ നിലയിലായ 30 പേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും 2 പേർ ചെറുവത്തൂർ ആരോഗ്യ കേന്ദ്രത്തിലും ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ച ഐഡിയൽ കൂൾ ബാർ അടച്ചുപൂട്ടി. സ്ഥാപനത്തിന് നേരെ കല്ലേറുണ്ടാകുകയും വാഹനം കത്തിക്കുകയും ചെയ്തിരുന്നു.