Pravasimalayaly

എന്തെല്ലാം പടച്ചുണ്ടാക്കി, എന്നിട്ടും ജനങ്ങൾ നെഞ്ച് തൊട്ടുപറഞ്ഞില്ലേ, ഇത് ഞങ്ങളുടെ സർക്കാരാണ്, ഞങ്ങൾക്കൊപ്പം നിന്ന സർക്കാരാണെന്ന്: മറുപടിയുമായി പിണറായി വിജയൻ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങൾ വിവാദമാകവേ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ കുത്തൊഴുക്കിനെ തോൽപ്പിക്കും വിധം കഴിഞ്ഞ സർക്കാരിനെതിരെ പ്രതിപക്ഷം നുണപ്രചാരണങ്ങൾ അഴിച്ചുവിട്ടെന്നും സർക്കാരിനെതിരെ എന്തെല്ലാം കാര്യങ്ങൾ പടച്ചുണ്ടാക്കിയിട്ടും ജനം ഒപ്പം നിന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘അവരവരുടെതായി തുടരും കേട്ടോ, അത് നടക്കട്ടെ. അത് പലരീതിയിൽ നടക്കും. അതൊക്കെ നമ്മൾ കണ്ടതാണല്ലോ, ആ ഭാഗത്തേക്ക് ഞാൻ ഇപ്പോൾ കടക്കുന്നില്ല. അത് അതിന്റെ വഴിക്ക് പോകട്ടെ’ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ 49ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വരുന്ന പുതിയ ആരോപണങ്ങളെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്. നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ കുത്തൊഴുക്കിനെ തോൽപ്പിക്കും വിധമല്ലേ കഴിഞ്ഞ സർക്കാരിനെതിരെ പ്രതിപക്ഷം നുണപ്രചാരണങ്ങൾ അഴിച്ചുവിട്ടത്. എന്തെല്ലാം ഏതെല്ലാം തട്ടിക്കൂട്ടി സർക്കാരിനെതിരെ പടച്ചുണ്ടാക്കി. എന്തേ എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരാൻ കാരണം. ജനങ്ങൾ നെഞ്ച് തൊട്ടുപറഞ്ഞു ഇത് ഞങ്ങളുടെ സർക്കാരാണ്. ഞങ്ങൾക്കൊപ്പം നിന്ന സർക്കാരാണ്. ഏത് ആപത്ഘട്ടത്തിലും ഞങ്ങളെ കൈയൊഴിയാൻ തയ്യാറായിട്ടില്ല. അതാണ് ഞങ്ങൾക്ക് ആവശ്യമെന്ന് പറഞ്ഞാണ് സർക്കാരിന് തുടർ ഭരണം നൽകിയത്,’ പിണറായി പറഞ്ഞു.

സ്വപ്ന സ്വരേഷ് ഉയർത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. അസത്യങ്ങൾ വീണ്ടും പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തി തകർക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് വൃഥാവിലാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സ്വർണ്ണക്കടത്ത് പുറത്തുവന്ന അവസരത്തിൽ തന്നെ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് കേന്ദ്ര സർക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണെന്നും പിന്നീട് അന്വേഷണ രീതികളെപ്പറ്റിയുണ്ടായ ന്യായമായ ആശങ്കകൾ യഥാസമയം ചൂണ്ടിക്കാണിച്ചിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

‘രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്രോതസ് മുതൽ അവസാന ഭാഗം വരെയുള്ള കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് നിർബന്ധമുള്ള തങ്ങൾക്കെതിരെ സങ്കുചിത രാഷ്ട്രീയ കാരണങ്ങളാൽ ചില കോണുകളിൽ നിന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇത് ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകൾ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങൾ തന്നെ കേസിൽ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്. ഇതിൽ വസ്തുതകളുടെ തരിമ്പുപോലുമില്ല.

ദീർഘകാലമായി പൊതുരംഗത്ത് ജനങ്ങൾക്കൊപ്പം നിൽക്കുകയും വ്യാജ ആരോപണങ്ങൾ നേരിട്ടിട്ടും പതറാതെ പൊതുജീവിതത്തിൽ മുന്നോട്ടുനീങ്ങുകയും ചെയ്യുന്നവർക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിപ്പിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഒരു ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നുള്ളത് വ്യക്തമാണ്. അത്തരമൊരു ആളെക്കൊണ്ട് പഴയ ആരോപണങ്ങൾ അയവിറക്കിച്ച് നേട്ടം കൊയ്യാമെന്ന് കരുതുന്നവർക്കുള്ള മറുപടി നമ്മുടെ സമൂഹം നൽകുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്,’ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിന്റെ സമഗ്ര വികസനത്തിനും സാമൂഹ്യക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങൾ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Exit mobile version