മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് മര്‍ദിച്ചതായി ആരോപണം. ഇവരെ കസ്റ്റഡിയില്‍ എടുത്തു. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നു സംസ്ഥാനമാകെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചിയിലെ പരിപാടിക്കിടെയാണ് ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴികളിലുടനീളം വന്‍ പൊലീസ് സന്നാഹമാണു നിലയുറപ്പിച്ചിട്ടുള്ളത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുത്ത മാസ്‌കിനും വിലക്കുണ്ട്.
കോട്ടയത്തെ പരിപാടിക്കു പിന്നാലെയാണു കൊച്ചിയിലും കറുത്ത മാസ്‌കിനു വിലക്കേര്‍പ്പെടുത്തിയത്. കൊച്ചിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകരോടു മാസ്‌ക് നീക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടാണു മുഖ്യമന്ത്രിക്കു കടന്നുപോകാന്‍ വഴിയൊരുക്കിയത്.