തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് നാലു മണിക്ക് ശേഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ സിപിഎമ്മിലെ വി ജോയിയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ അതിക്രമിച്ച് കടന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ 3. 54 ന് പുറത്താക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിനു ശേഷം 4.04 ന് എടുത്ത ചിത്രത്തില്‍ ഗാന്ധിജിയുടെ ഫോട്ടോ യഥാസ്ഥാനത്തുണ്ട്. ഇതിനു ശേഷമാണ് ചിത്രം തകര്‍ക്കപ്പെട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസില്‍ ഉണ്ടായിരുന്നതായി വിവരമുണ്ട്. 4. 29 ന് എടുത്ത ചിത്രത്തില്‍ ഫോട്ടോ താഴെ കിടക്കുന്നതായും, ചില്ലുകള്‍ തകര്‍ക്കപ്പെട്ടതായും കാണപ്പെട്ടുവെന്ന് മൊഴിയുണ്ട്.
മാധ്യമങ്ങളില്‍ കാണിച്ച ദൃശ്യങ്ങളിലും ഇക്കാര്യം വ്യക്തമാണ്. എംപിയുടെ ഓഫീസിലെ അതിക്രമവുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
രാഹുല്‍ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്തതില്‍ എസ്എഫ്‌ഐക്ക് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാഹുല്‍ഗാന്ധിയുടെ കസേരയില്‍ വാഴ വെച്ച ശേഷവും ചുമരില്‍ ഗാന്ധി ചിത്രം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് ഡിജിപി, അന്വേഷണ സംഘത്തെ നയിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി, ക്രൈംബ്രാഞ്ച് മേധാവി എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.