ബെന്നിച്ചൻ തോമസ് വനംവകുപ്പിന്റെ പുതിയ മേധാവി

0
245

സംസ്ഥാന വനംവകുപ്പ് മേധാവിയായി ബെന്നിച്ചൻ തോമസിനെ നിയമിച്ചു. സെർച്ച് കമ്മറ്റിയുടെ ശുപാർശ ഇന്ന് ചേർന്ന മന്ത്രിസഭ അംഗീകരിച്ചു. നിലവിലെ വനംമേധാവി പി കെ കേശവൻ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ബെന്നിച്ചൻ തോമസ്. വനംമന്ത്രി എകെ ശശീന്ദ്രനാണ് നിയമനം സംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. വനം വകുപ്പ് ആസ്ഥാനത്ത് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്മെന്റ് ) ആയിരിക്കെയാണ് ബെന്നിച്ചൻ തോമസ്  വൈൽഡ് ലൈഫ് വാർഡനായി നിയമിക്കപ്പെട്ടത്. തുടർച്ചയായി 33 വർഷക്കാലം വനംവകുപ്പിൽ തന്നെ സേവനമനുഷ്ഠിച്ച വ്യക്തി എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. കോന്നി, കോട്ടയം എന്നിവിടങ്ങളിലെ ഡി.എഫ്.ഒ. ആയിരുന്നു. 

നിലമ്പൂർ ഡിഎഫ്ഒആയി സർവീസിൽ പ്രവേശിച്ച ബെന്നിച്ചൻ തോമസ് തേക്കടി വൈൽഡ് ലൈഫ് പ്രിസർവേഷൻ ഓഫീസർ, ഇക്കോ ഡെവലപ്മെന്റ് ഓഫീസർ, ഫീൽഡ് ഡയറക്ടർ, എബിപി കൺസർവേറ്റർ, ഹൈറേഞ്ച് സർക്കിൾ സി.സി.എഫ്, അഡീ.പി സിസിഎഫ് (എഫ്.എൽ.ആർ) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ അഡീഷണൽ ഡയറക്ടർ, കേരള വനവികസന കോർപ്പറേഷൻ എം.ഡി എന്നീ ചുമതലകളും നിർവ്വഹിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തപ്പെടുത്താൻ മരംമുറിക്കാൻ അനുമതി നൽകിയതിൽ ചീഫ് വൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന് ക്ലീൻ ചിറ്റ് ലഭിച്ചിരുന്നു. ജലവിഭവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഉത്തരവിറക്കിയതെന്നാണ് വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്. നേരത്തെ സംഭവം വിവാദമായതോടെ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു. അന്തർ സംസ്ഥാന നദീജല തർക്ക സമിതിയുടെ തീരുമാനം അനുസരിച്ച് ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണ് ഉത്തരവിറക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ബെന്നിച്ചന്റെ സസ്പെൻഷന് എതിരെ ഐ എഫ് എസ് ഉദ്യോഗസ്ഥർ ശക്തമായി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനൊടുവിൽ സസ്പെൻഷൻ പിൻവലിച്ച് ഒരു മാസത്തിനകം ബെന്നിച്ചനെ തിരിച്ചെടുത്തിരുന്നു. ഉത്തരവിന് പിന്നിൽ ഉദ്യോഗസ്ഥന് പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്നും വനംസെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകി.

മുല്ലപ്പെരിയാറിൽ  മരം മുറിക്കുള്ള അനുമതി നൽകിയത് ഉന്നത ഉദ്യോഗസ്ഥർ  അറിഞ്ഞു കൊണ്ടാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ വിവാദ വേളയിൽ തന്നെ പുറത്തു വന്നിരുന്നു. വിവാദം നടക്കുന്ന  കേരള- തമിഴ്നാട് സെക്രട്ടറിതല യോഗത്തിലും തുടർന്നു ചേർന്ന മേൽനോട്ട സമിതിയോഗത്തിലും മരംമുറിക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് കേരളം തമിഴ്നാടിനെ അറിയിച്ച വിവരങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ഇതു സംബന്ധിച്ച യോഗങ്ങളുടെ മിനിറ്റ്സ് അടക്കമുളള വിവരങ്ങളാണ് പുറത്തു വന്നത്.

Leave a Reply