നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ) ക്രമക്കേടിൽ മുൻ എംഡി ചിത്ര രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഡൽഹിയിൽ നിന്നാണ് അവരെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച സിബിഐ പ്രത്യേക കോടതി ചിത്രയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് അറസ്റ്റ്. വൈദ്യ പരിശോധനയ്ക്കു ശേഷം സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയി.
നേരത്തെ മൂന്ന് ദിവസത്തോളം ചിത്ര രാമകൃഷ്ണയെ സിബിഐ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഉത്തരങ്ങൾ നൽകിയില്ലെന്നും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സിബിഐ കോടതിയിൽ അറിയിച്ചിരുന്നു.
ചിത്ര രാമകൃഷ്ണയ്ക്ക് ഉപദേശം നൽകിയ ‘ഹിമാലയത്തിലെ യോഗി’ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും എംഡിയുടെ ഉപദേശകനുമായിരുന്ന ആനന്ദ് സുബ്രഹ്മണ്യൻ തന്നെയാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ആനന്ദിനെ കഴിഞ്ഞ ദിവസം അറസ്റ്റും ചെയ്തു. എൻഎസ്ഇയിലെ എല്ലാ നിർണായക തീരുമാനങ്ങളും ചിത്ര എടുത്തിരുന്നത് യോഗിയുടെ നിർദേശം അനുസരിച്ചായിരുന്നുവെന്ന് കണ്ടെത്തിയ ‘സെബി’ ചിത്രയ്ക്കു പിഴ ശിക്ഷയും വിധിച്ചിരുന്നു.