തിരുവനന്തപുരം: കണ്ണൂർ വിസി പുനർനിയമനം സംബന്ധിച്ച പരാതിയിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന് ക്ലീൻ ചിറ്റ്. മന്ത്രിക്കെതിരായ പരാതി ലോകായുക്ത തള്ളി. കണ്ണൂർ വിസി നിയമനത്തിൽ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ല. മന്ത്രിയുടെ കത്തിൽ പ്രൊപ്പോസൽ മാത്രമാണുള്ളത്. മന്ത്രി തെറ്റായ വഴി സ്വീകരിച്ചതായി വ്യക്തതയില്ലെന്ന് ഹർജി തള്ളിക്കൊണ്ട് ലോകായുക്ത വിധിയിൽ വ്യക്തമാക്കി.
മന്ത്രി നിർദേശം മാത്രമാണ് നൽകിയത്. മന്ത്രി പറഞ്ഞത് വിസിയായി ഗോപിനാഥ് രവീന്ദ്രന് വീണ്ടും അവസരം നൽകുന്നത് നല്ലതായിരിക്കുമെന്നു മാത്രമാണ്. അത് ചാൻസലറായ ഗവർണർക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ഗവർണർ ആണെന്നും ലോകായുക്ത വിധിയിൽ പറയുന്നു. മന്ത്രി സ്വജനപക്ഷപാതിത്വം കാണിച്ചിട്ടില്ലെന്നും വിധിയിൽ ലോകായുക്ത വ്യക്തമാക്കി.