തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നിരിക്കുകയാണെന്ന് പ്രതിപക്ഷം നിയമസഭയിൽ. വർധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമങ്ങളും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനു പിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി.
സംസ്ഥാനം ഗുണ്ടാ ഇടനാഴിയായി മാറിയിരിക്കുകയാണെന്നും പൊലീസ് നിഷ്‌ക്രിയത്വം കാരണമാണ് കൊലപാതക സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും മുഖ്യമന്ത്രിയുടെ മറുപടിയും സഭയെ പ്രഷുബ്‌ധമാക്കി.
മുസ്ലിം ലീഗിന്റെ ഷംസുദ്ദീൻ എംഎൽഎയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. പൊലീസിന്റെ നിഷ്ക്രിയത്വമാണ് കൊലപാതകങ്ങൾക്ക് കാരണമെന്നായിരുന്നു ആരോപണം. തലശ്ശേരിയിൽ ആർഎസ്എസുകാരാണ് പ്രതിയെങ്കിൽ കിഴക്കമ്പലത്ത് പ്രതികൾ സിപിഎമ്മുകാരാണ്. ഹരിദാസിന്റെ കൊലപാതകം നടന്നത് പൊലീസിന്റെ ഉദാസീനതമൂലമാണെന്നും ഷംസുദ്ദീൻ ആരോപിച്ചു.
വടക്കേ മലബാറിൽ ബോംബേറ് കുടിൽ വ്യവസായം പോലെയാണ് നടക്കുന്നത്. ഒരു പ്രശ്‌നം നടക്കുമ്പോൾ കയ്യിൽ കിട്ടുന്നത് എടുത്തെറിയും മുഖ്യമന്ത്രിയുടെ നാട്ടിൽ കൈയിൽ കിട്ടുന്നതെല്ലാം ബോംബാണെന്നും എംഎൽഎ പറഞ്ഞു. ആലപ്പുഴയിൽ എസ്ഡിപിഐക്കാർ ആർഎസ്എസ് നേതാവിനെ ഘോഷയാത്രയായി പോയാണ് കൊന്നത്. മട്ടന്റെ കാലല്ല, മനുഷ്യന്റെ കാല് വെട്ടിയെടുത്ത് തെരുവിലെറിഞ്ഞ് പോകുന്നതാണ് കാണുന്നത്. ജോമോന് കാപ്പ ഒഴിവാക്കിയത് പൊലീസ് കൃത്യമായ റിപ്പോർട്ട് നൽകാത്തതിനാലാണ്. കേരളത്തിൽ ഇപ്പോഴുള്ളത് ഗുണ്ടാ ഇടനാഴിയാണ്. ഗുണ്ടകളുടെ താവളമായി മാറി കേരളം. ഈ കാര്യത്തിൽ യുപിയെ കവച്ചുവയ്ക്കാൻ പോവുകയാണെന്നും ഷംസുദ്ദീൻ വിമർശിച്ചു.
എന്നാൽ ഈ ആരോപണങ്ങൾ എല്ലാം തന്നെ മുഖ്യമന്ത്രി നിഷേധിച്ചു. സംസ്ഥാനത്ത് അടുത്തിടെ നടന്ന ആറ് രാഷ്ട്രീയ കൊലപാതകങ്ങളിൽ തിരിച്ചറിഞ്ഞ 92 പ്രതികളിൽ 73 പേരെ പിടികൂടി. തലശ്ശേരി കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുകയാണ്. വിവാഹചടങ്ങിനിടെയുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു. ട്വന്റി-ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലക്കേസിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയം ഈസ്റ്റ് ഷാൻബാബു കൊലക്കേസിൽ ഒന്നും രണ്ടും പ്രതിക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓപറേഷൻ കാവൽ വഴി 63 പേർക്കെതിരെ കാപ്പ ചുമത്തുകയും 1,457 പേരെ അറസ്റ്റ് ചെയ്തെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നേതൃത്വമല്ലേ നിങ്ങൾക്കുള്ളത്? എന്ന് ചോദിച്ച മുഖ്യമന്ത്രി, സുധാകരനെ പേരെടുത്ത് പറയാതെ വിമർശിച്ചു. ധീരജ് കൊലപാതകത്തെ കെ.എസ്.യു നേതാവ് പോലും തള്ളിപ്പറഞ്ഞിട്ടും നിങ്ങളുടെ നേതാവ് തള്ളിയില്ല. പൊലീസിലെ ചിലരുടെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതി വരുന്നുണ്ട്. തെറ്റായ സമീപനങ്ങളെ സർക്കാർ ഒരിക്കലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ കലാപം ഉണ്ടാക്കാൻ വർഗീയശക്തികളും പ്രതിപക്ഷവും ശ്രമിക്കുന്നു. കൊലക്കത്തി എടുത്തവർ താഴെവച്ചാൽ തീരാവുന്ന പ്രശ്‌നമേ നാട്ടിലുള്ളൂ. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ശ്രമം നടക്കുന്നത്. ഇത് ആരെ സഹായിക്കാനാണെന്ന് എല്ലാവർക്കും ബോധ്യമാകും. സംഘപരിവാർ പലയിടങ്ങളിലും കലാപത്തിന് പദ്ധതിയിട്ടിരുന്നു. അത് കണ്ടെത്തി തടഞ്ഞത് പൊലീസാണ്. പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പരാജിതനാണെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. ഒറ്റപ്പെട്ട സംഭവമെന്നത് പിണറായി ഭരണകാലത്ത് ഒരു തമാശയാണ്. ജനങ്ങളുടെ ജീവനും ജീവനോപാധിയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. പാർട്ടിയുടെ അനാവശ്യ ഇടപെടൽ പൊലീസിനെ നിഷ്‌ക്രിയമാക്കി. സിപിഎം സെക്രട്ടറിമാരാണ് എസ്പിമാരെ നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതിനു താങ്കൾ പോയി നോക്കിയോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.