വ്യാപക പരാതി; പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

0
624

തിരുവനന്തപുരം: പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നു വൈകീട്ട് മൂന്നുമണിയ്ക്ക് ക്ലിഫ് ഹൗസിലാണ് യോഗം. പൊലീസിനെതിരെ വ്യാപക പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിട്ടുള്ളത്.ഏറ്റവും ഒടുവിലായി മാവേലി എക്സ്പ്രസ് ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്നാരോപിച്ച് യാത്രക്കാരനെ എഎസ്ഐ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റിലേക്ക് ടിടിഇക്കൊപ്പം പരിശോധനയ്ക്ക് എത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു.

സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരന്‍ മറുപടി നല്‍കി. കയ്യിലുള്ള ടിക്കറ്റ് എടുക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാള്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരന്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തത്.

തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന്‍ പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബൂട്ടിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തെന്നും യാത്രക്കാര്‍ പറഞ്ഞു. കഴിഞ്ഞദിവസം കോവളത്ത് വിദേശപൗരനെ തടഞ്ഞ് മദ്യം ഒഴിപ്പിച്ചു കളയിച്ച സംഭവവും ഏറെ വിവാദമായിരുന്നു.

ഇതില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സിപിഎം പാര്‍ട്ടി സമ്മേളനങ്ങളില്‍ പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഉണ്ടായത്. പൊലീസിന്റെ ചെയ്തികള്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നുവെന്നും സിപിഎം സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Leave a Reply