മുമ്പ് തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ടയാളാണ് സുധാകരനെന്ന് മുഖ്യമന്ത്രി

0
24

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ ആരോപണങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുമ്പ് തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ടയാളാണ് സുധാകരനെന്ന് അദ്ദേഹം ആരോപിച്ചു. സുധാകരന്റെ അടുത്ത ആളില്‍ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ:

‘ഒരു ദിവസം രാവിലെ സുധാകരന്റെ സുഹൃത്ത് രാവിലെ എന്റെ വീട്ടിലെത്തി. സുധാകരന്റെ ഫൈനാന്‍സര്‍ കൂടിയായിരുന്നു അയാള്‍. നിങ്ങള്‍ വളരെ ശ്രദ്ധിക്കണമെന്ന് പറഞ്ഞു. സുധാകരന്‍ വലിയ പദ്ധതിയുമായിട്ടാണ് നടക്കുന്നത്. നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പരിപാടിയാണുള്ളത്. അപ്പോള്‍ ഞാന്‍ പറഞ്ഞു, വരുന്നിടത്ത് കാണാമെന്ന്. എനിക്കെന്റെ ഭാര്യയോട് പോലും പറയാനാവില്ല. അവള്‍ക്ക് മനസ്സമാധാനം ഉണ്ടാവില്ല. രണ്ട് കുട്ടികളേയും കൈയില്‍ പിടിച്ച് സ്‌കൂളില്‍ പോകുന്ന കാലമാണ്. ആരോടും ഞാന്‍ പറയാന്‍ പോയില്ല. ഇതെല്ലം കടന്നുവന്നതാണ്. മോഹങ്ങള്‍ പലതും ഉണ്ടായിട്ടുണ്ടാകും. വിചാരിക്കുന്നത് പോലെ വിജയനെ വീഴ്ത്താന്‍ കഴിയില്ല എന്നത് സുധാകരന്റെ അനുഭവമാണ്’

കോളേജ് പഠനകാലത്ത് തന്നെ ചവിട്ടിവീഴ്ത്തിയെന്ന സുധാകരന്റെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോളാണ് പഴയകാലം മുഖ്യമന്ത്രി ഓര്‍ത്തെടുത്തത്.

Leave a Reply