താൽക്കാലിക തസ്തികകൾ അടക്കം അരലക്ഷം തസ്തികകൾ സൃഷ്ടിക്കും

0
25

സംസ്ഥാനത്ത് മുപ്പതിനായിത്തിലധികം തസ്തികകള്‍ സൃഷ്ടിച്ചതായും താല്‍ക്കാലിക തസ്തികകളടക്കം അരലക്ഷം തസ്തിക സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിരവധി പരിപാടികളും പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിന് 33 തസ്തികകള്‍ സൃഷ്ടിക്കും.
പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് 17 തസ്തികകള്‍ സൃഷ്ടിക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രിക് ഗാസ്ട്രോ എന്ററോളജി യൂണിറ്റ് ആരംഭിക്കുന്നതിന് ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ തസ്തിക സൃഷ്ടിക്കും. 

35 എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്ക് വേണ്ടി 151 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. ഇതിനു പുറമെ 24 എച്ച്.എസ്.എസ്.ടി ജൂനിയര്‍ തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യും.

തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ എന്നീ സെന്‍ട്രല്‍ ജയിലുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ഓരോ തസ്തിക സൃഷ്ടിക്കും. 250 തടവുകാര്‍ വരെയുള്ള ജയിലുകളില്‍ കൗണ്‍സലറുടെ ഒരു തസ്തികയും(പരമാവധി 5 തസ്തിക) സൃഷ്ടിക്കും.
തവനൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രവര്‍ത്തനത്തിന് 161 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജുക്കേഷനില്‍ 22 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കും.

സംസ്ഥാനത്തെ വിവിധ അറബിക് എയ്ഡഡ് കോളേജുകളില്‍ 54 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും.
സര്‍ക്കാര്‍ സംഗീത കോളേജുകളില്‍ 14 ജൂനിയര്‍ ലക്ചറര്‍ തസ്തികകളും 3 ലക്ചറര്‍ തസ്തികകളും സൃഷ്ടിക്കും.
തൃശ്ശൂര്‍ ജില്ലയിലെ മണ്ണൂത്തി സ്റ്റേറ്റ് ബയോ കണ്‍ട്രോള്‍ ലാബ് പ്രവ്ര്ത്തനത്തിന് 9 സ്ഥിരം തൊഴിലാളികളുടെ തസ്തികകള്‍ സൃഷ്ടിക്കും.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസില്‍ 30 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. ഇതില്‍ 24 എണ്ണം പുതിയ തസ്തികകളാണ്. 6 തസ്തികകള്‍ റീ-ഡെസിഗ്നേറ്റ് ചെയ്യും.

കോഴിക്കോട് ഗവണ്‍മെന്റ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജില്‍ 7 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ സൃഷ്ടിക്കും.
പുതുതായി ആരംഭിച്ച 28 സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 100 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും.
അഗ്നിരക്ഷാ വകുപ്പിനു കീഴില്‍ താനൂര്‍, പട്ടാമ്പി, കോങ്ങാട്, കൊല്ലങ്കോട്, കല്ലമ്പലം എന്നിവിടങ്ങളില്‍ പുതിയ ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് 65 തസ്തികകള്‍ സൃഷ്ടിക്കും. ഉള്ളൂര്‍, മാവൂര്‍, ചീമേനി, പനമരം, വൈത്തിരി, രാജാക്കാട്, ആറ?ുള, പാലോട്, നേര്യമംഗലം എന്നിവിടങ്ങളില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കാനും തീരുമാനിച്ചു.

മികച്ച കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കുന്നതിനുള്ള പദ്ധതി പ്രകാരം 249 ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിക്കാന്‍ തീരുമാനിച്ചു.
കോഴിക്കോട് കോര്‍പ്പറേഷനില്‍ രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ 20 തസ്തികകള്‍ സൃഷ്ടിക്കും.
കോടതി ഭാഷ മലയാളമാക്കുന്നതിന് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതികളില്‍ മലയാളം പരിഭാഷകരുടെ 50 തസ്തികകള്‍ സൃഷ്ടിക്കും.
അഹാഡ്സ് നിര്‍ത്തലാക്കുന്നതുവരെ ജോലിയില്‍ തുടര്‍ന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട 32 സാക്ഷരതാ ഇന്‍സ്പെക്ടര്‍മാര്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് വനം വകുപ്പിലും തദ്ദേശസ്വയംഭരണ വകുപ്പിലും നിയമനം നല്‍കും.

24 ജൂനിയര്‍ എച്ച്.എസ്.ടി.എ തസ്തിക അപ്‌ഗ്രേഡ് ചെയ്യും. 3051 പുതിയ തസ്തിക സൃഷ്ടിക്കും. 249 ഒഴിവുകളിലേക്ക് കായികതാരങ്ങളെ നിയമിക്കും. വനിതാവികസനകോര്‍പറേഷനില്‍ വിരമിക്കല്‍ പ്രായം 58 ആക്കി ഉയര്‍ത്തി. 
അതേസമയം താത്ക്കാലികക്കാരെ നിയമിക്കുന്നത് നിര്‍ത്തിവെച്ച നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് സര്‍ക്കാര്‍ നടപടിയില്‍ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. താല്‍ക്കാലികക്കാരെ കൈവിടില്ലെന്നും ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍വന്നാല്‍ അവരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരുപറ്റം ചെറുപ്പക്കാര്‍ തെറ്റിദ്ധരിച്ച് നില്‍ക്കുന്നു. അവര്‍ക്ക് സര്‍ക്കാരിനെ കരിവാരിതേക്കാന്‍ അവസരം നല്‍കേണ്ടെന്നു കരുതിയാണ് താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply