സാമൂഹ്യതിന്മകള്ക്ക് ഏതെങ്കിലും മതത്തിന്റെ നിറം നല്കാനുള്ള പ്രവണത മുളയിലേ നുള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഫീസ് വര്ധനവിനെതിരെ തിരുവിതാംകൂറില് നടന്ന വിദ്യാര്ഥി സമരത്തിന്റെ നൂറാം വാര്ഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യതിന്മകള്ക്ക് നേതൃത്വം നല്കുന്നത് സമൂഹത്തിന്റെ പൊതുവായ താല്പ്പര്യത്തിനു വിരുദ്ധമായ നിയമവിരുദ്ധ പ്രവര്ത്തനത്തില് ഏര്പ്പെടുന്നവരാണ്. അതിനെ ഏതെങ്കിലും ഒരു വിഭാഗത്തോടു മാത്രം ചേര്ത്ത് ഉപമിക്കരുത്. അങ്ങനെ ചെയ്യുന്നത് സമൂഹത്തിലെ വേര്തിരിവ് വര്ധിപ്പിക്കാന് മാത്രമേ ഉപകരിക്കൂ. തീവ്രവാദ പ്രസ്ഥാനങ്ങള്ക്ക് നന്മയുടെ മുഖം നല്കുന്നതും സാമൂഹ്യ ഐക്യത്തെ ദുര്ബലപ്പെടുത്തും. സ്വാതന്ത്ര്യത്തിന്റെ പര്യായമായിവരെ അത്തരം പ്രസ്ഥാനങ്ങളെ ചിലര് ഉയര്ത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകള് നമ്മുടെ സ്വാതന്ത്ര്യത്തെതന്നെ അപകടത്തിലാക്കും.
ജാതിയെയും മതത്തെയും വിഭജനത്തിനുള്ള ആയുധങ്ങളായി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കണം. അന്ധകാരത്തെ അന്ധകാരംകൊണ്ട് തുടച്ചുനീക്കാനാകില്ല, വെളിച്ചംകൊണ്ടേ കഴിയൂ എന്നതുപോലെ വിദ്വേഷത്തെ വിദ്വേഷംകൊണ്ടല്ല, സ്നേഹംകൊണ്ടേ തുടച്ചുനീക്കാനാകൂ. വിദ്വേഷത്തിന്റെ അന്ധകാരം പടര്ത്താന് കുത്സിതശ്രമം നടത്തുന്ന ശക്തികളെ പ്രത്യേകിച്ചു കാണണം. ഇത്തരം പ്രതിലോമകരമായ പ്രവര്ത്തനങ്ങളെ ചെറുത്തുതോല്പ്പിക്കാന് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.
അയ്യങ്കാളി ഹാളില് നടന്ന ചടങ്ങില് സാംസ്കാരിക മന്ത്രി സജി ചെറിയാന് അധ്യക്ഷനായി. മന്ത്രിമാരായ വി ശിവന്കുട്ടി, ജി ആര് അനില്, ആന്റണി രാജു, മേയര് ആര്യ രാജേന്ദ്രന്, കേരള സര്വകലാശാല യൂണിയന് ചെയര്പേഴ്സണ് അനില രാജന്, കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്ടര് പ്രൊഫ. വി കാര്ത്തികേയന് നായര് എന്നിവര് സംസാരിച്ചു.