ഹൃദ്രോഗ ബാധിതനായ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, പറക്കമുറ്റാത്ത രണ്ട് പെൺമക്കളെ പെരുവഴിയിലേക്ക് ഇറക്കിവിട്ട ബാങ്കിൻ്റെ നടപടി എന്തൊരു ക്രൂരതയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ
കണ്ണില്ലാത്ത ഈ ക്രൂരത കാട്ടിയത് സ്വകാര്യ ബാങ്കുകളോ വട്ടിപ്പലിശക്കാരോ അല്ല. കേരളത്തിൻ്റെ സ്വന്തം ബാങ്കെന്ന് സർക്കാർ അഭിമാനം കൊള്ളുന്ന കേരള ബാങ്കാണ്. പാവങ്ങളോട് പോലും ഒരിറ്റ് മനുഷ്യത്വം കാട്ടാൻ പറ്റില്ലെങ്കിൽ പിന്നെ ആർക്കു വേണ്ടിയാണ് സ്വന്തം ബാങ്കെന്ന് കൊട്ടിഘോഷിച്ചത്. മാതാപിതാക്കൾ ഇല്ലാത്തപ്പോൾ വീട് ജപ്തി ചെയ്ത് കുഞ്ഞ് മക്കളെ ഇറക്കി വിടുന്നതാണോ ഈ സർക്കാരിൻ്റെ സ്ത്രീ സുരക്ഷയും പാവങ്ങളോടുള്ള കരുതലും.
ഭരണകൂട ഭീകരതയ്ക്ക് മുന്നിൽ നിസഹായരായി പോയ ഒരു കുടുംബത്തിന്, ആ പെൺമക്കൾക്ക് തണലായി മാറിയ മുവാറ്റുപുഴ എം.എൽ.എ ഡോ. മാത്യു കുഴൽനാടൻ മനുഷ്യത്വത്തിൻ്റെ പ്രതീകമാണ്. അതാണ് ഈ സർക്കാരിനും സർക്കാരിൻ്റെ സ്വന്തം ബാങ്കിനും ഇല്ലാതെ പോയതും. കുടുംബത്തിൻ്റെ വായ്പാ ബധ്യത ഏറ്റെടുത്ത എം.എൽ.എയെ അഭിനന്ദിക്കുന്നു.
തുടർ ഭരണം എന്തും ചെയ്യാനുള്ള ലൈസൻസാന്നെന്ന ധാർഷ്ട്യമാണ് ഈ തീവ്ര വലതുപക്ഷ സർക്കാർ ഓരോ കാര്യങ്ങളിലും സ്വീകരിക്കുന്നത്. സർക്കാരിൻ്റെ ജനവിരുദ്ധ നടപടികൾ കോൺഗ്രസോ യു.ഡി.എഫോ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി