Saturday, January 18, 2025
HomeNewsKerala''ഹൈക്കോടതി വിധി സമൂഹത്തിന് മാതൃകയല്ല'', വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് നടിയുടെ...

”ഹൈക്കോടതി വിധി സമൂഹത്തിന് മാതൃകയല്ല”, വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് നടിയുടെ കുടുംബം

ബലാത്സംഗക്കേസില്‍ നടന്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരിയായ നടിയുടെ കുടുംബം. ഹൈക്കോടതി വിധി സമൂഹത്തിന് മാതൃകയല്ലെന്ന് നടിയുടെ പിതാവ് പറഞ്ഞു. കോടതി വിധി നിരാശാജനകമാണ്. കോടതി വിധി സമൂഹത്തിന് നല്‍കുന്ന സന്ദേശം ദൂരവ്യാപകഫലം ഉളവാക്കുന്നതാണെന്നും നടിയുടെ പിതാവ് പറഞ്ഞു.

സമൂഹത്തില്‍ ഇത്തരത്തിലുള്ള ആളുകള്‍ക്ക് എന്തു തോന്നിവാസം കാണിച്ചാലും, അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയായി തോന്നാന്‍ സാധ്യതയില്ലേയെന്ന് സംശയമുണ്ടെന്നും നടിയുടെ പിതാവ് ആശങ്ക പ്രകടിപ്പിച്ചു.  നാലഞ്ചുവര്‍ഷമായി നടി സിനിമാരംഗത്തെത്തിയിട്ട്. ഇതുവരെ പേരുദോഷം കേള്‍പ്പിച്ചിട്ടില്ല. അത് ആര്‍ക്ക് അന്വേഷിച്ചാലും മനസ്സിലാകും. കോടതി വിധിയില്‍ അടുത്ത നടപടി വക്കീലുമായി ആലോചിച്ച് ചെയ്യുമെന്നും നടിയുടെ പിതാവ് പറഞ്ഞു.

സമൂഹമാധ്യമത്തിലൂടെ വിജയ്ബാബു പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തി. നടി ഒരു തരത്തിലും വിജയ്ബാബുവിനെ അപമാനിക്കാന്‍ മുതിര്‍ന്നിട്ടില്ല. സംഭവം ഉണ്ടായപ്പോള്‍ നിയമപരമായി കേസ് കൊടുക്കുക മാത്രമാണ് ചെയ്തത്. ഏപ്രില്‍ 22 ന് കൊടുത്ത പരാതിയില്‍ രണ്ടുദിവസത്തിന് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ആ സ്റ്റേഷനിലെ ഏതോ പൊലീസുകാരന്‍ വിവരം ചോര്‍ത്തി കൊടുത്തതിനെ തുടര്‍ന്നാണ് വിജയ് ബാബു നാടുവിട്ടതെന്നും നടിയുടെ പിതാവ് ആരോപിച്ചു.

കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് വിജയ് ബാബു നാടുവിട്ടത്. കേസ് തേച്ചുമാച്ചു കളയാന്‍ ശ്രമിച്ചു. പലതവണ കുടുംബത്തെ സ്വാധീനിക്കാന്‍ ശ്രമം നടത്തി. പരാതി നല്‍കിയതിന് ശേഷം പല സിനിമകളിലും നടിക്ക് അവസരം ലഭിച്ചെങ്കിലും അത് കിട്ടാതിരിക്കാന്‍ വിജയ് ബാബു ശ്രമിച്ചുവെന്നും യുവനടിയുടെ കുടുംബം കുറ്റപ്പെടുത്തി. ബലാത്സംഗക്കേസില്‍ ഉപാധികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.  

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments