ഗായിക കല്യാണി മേനോന് വിട

0
44

പ്രമുഖ തെന്നിന്ത്യന്‍ ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളം, തമിഴ് സിനിമകള്‍ക്കായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ. ഛായാഗ്രഹകനും ചലച്ചിത്ര സംവിധായകനുമായ രാജീവ് മേനോന്‍, കരണ്‍ (റെയില്‍വേ) എന്നിവര്‍ മക്കളാണ്.

75 വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തിനാണ് ഇന്ന് തീരശീല വീണത്. എറണാകുളത്ത് ജനിച്ച് വളര്‍ന്ന കല്യാണി മേനോന്‍ അഞ്ചാം വയസ്സില്‍ തന്നെ സംഗീതത്തോടുള്ള തപസ്യ ആരംഭിച്ചിരുന്നു. കാരയ്ക്കാട്ടു മാറായില്‍ ബാലകൃഷ്ണ മേനോന്റെയും രാജമ്മയുടെയും ഏക മകളായിരുന്നു. നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ടി.ഡി.എം ഹാളില്‍ അരങ്ങോറാറുള്ള കൊച്ചുകുട്ടികളുടെ സംഗീത മത്സരത്തില്‍ പങ്കെടുക്കാന്‍ പാട്ട് പഠിച്ചു തുടങ്ങിയതാണ് കല്യാണി. എറണാകുളം സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലെ അധ്യാപികയായിരുന്ന അമ്മയായിരുന്നു ഭക്തിഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരുന്നത്. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതോടെ സംഗീതം പഠിപ്പിക്കണമെന്ന വിധികര്‍ത്താക്കളുടെ നിര്‍ദേശമാണ് ഔപചാരിക സംഗീത പഠനത്തിന് കാരണമായത്.

ഗുരു ചേര്‍ത്തല ശിവരാമന്‍ നായരുടെ ശിക്ഷണത്തിലായിരുന്നു പഠനം. ഗായകന്‍ യേശുദാസ് അടക്കമുള്ളവര്‍ സഹപാഠികളായിരുന്നു.

1973ല്‍ തോപ്പില്‍ ഭാസിയുടെ ‘അബല’യാണ് പാടിയ ആദ്യ ചിത്രം. 1979ല്‍ ഇളയരാജയുടെ ഗാനത്തോടെയാണ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ശിവാജി ഗണേശന്‍ അഭിനയിച്ച നല്ലതൊരു കുടുംബത്തിലായിരുന്നു തമിഴിലെ അരങ്ങേറ്റം. ‘സെവ്വാനമേ പൊന്‍മേഘമേ..ദ എന്ന് തുടങ്ങുന്ന ഗാനം. പിന്നീട് സുജാതം സവാല, വാഴ്‌വേ മായം, വിധി, ശുഭ മുഹൂര്‍ത്തം, മുക്കൂത്തി മീന്‍കള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പാടി. എല്ലാ ഗാന ജനപ്രിയമായിരുന്നു.

െതാണ്ണൂറുകളില്‍ എ.ആര്‍ റഹ്മാന്‍ നിരവധി അവസരങ്ങള്‍ നല്‍കി. 2018ലെ ’96’ വരെ നിരവധി ചിത്രങ്ങളില്‍ പാടി. വിജയ് സേതുപതിയും തൃഷയും അഭിനയിച്ച 96ലെ കാതലേ.. കാതലേ.. എന്ന ജനപ്രിയ ഗാനം ആലപിച്ചത് 77ാം വയസ്സിലായിരുന്നു. മകന്‍ രാജീവ് മേനോന്റെ ‘കണ്ടുകൊണ്ടേന്‍, കണ്ടുകൊണ്ടേന്‍’ എന്ന ചിത്രത്തില്‍ ഐശ്വര്യ റായിയുടെ കഥാപാത്രത്തിന്റെ സംഗീത അധ്യാപികയുടെ വേഷവും ചെയ്തിരുന്നു.
മലയാളത്തില്‍ ദക്ഷിണാമൂര്‍ത്തി കൂടാതെ, ദേവരാജന്‍ മാസ്?റ്റര്‍, ബാബുരാജ്, എം.ബി.ശ്രീനിവാസന്‍, കെ. രാഘവന്‍, ശ്യാം, എ.ടി. ഉമ്മര്‍, എം.കെ. അര്‍ജുനന്‍, ജോണ്‍സണ്‍, രവീന്ദ്രന്‍, വിദ്യാധരന്‍, വിദ്യാസാഗര്‍, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍, ശ്രീവത്സന്‍ ജെ.. മേനോന്‍ മുതലായ രണ്ടുമൂന്നു തലമുറയില്‍പെട്ട സംഗീതസംവിധായകരുമൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply