ലിവർപൂൾ
യു കെ മലയാളി സമൂഹത്തിനെ പ്രത്യേകിച്ച് ലിവർപൂളിലെ മലയാളികളെ കണ്ണീരിലാഴ്ത്തി കടന്നു പോയ കുഞ്ഞു മാലാഖ അമല മോൾക്ക് ലിവർപൂളിൽ നാടിൻ്റെ നാനാഭാഗത്തു നിന്നും എത്തിച്ചേർന്ന നിരവധിയാളുകൾ ഉചിതമായ യാത്രയപ്പു നൽകി. ജീവിച്ചിരുന്ന വളരെക്കുറച്ചു നാളുകളിൽ തന്നെ എല്ലാവർക്കും നല്ല ഓർമ്മകൾ ബാക്കി വച്ച് ദൈവസന്നിലേക്ക് മുൻപേ പറന്നകന്ന അമല മോളുടെ അന്ത്യകർമ്മങ്ങൾക്ക് സാക്ഷിയാവാനും അന്തിമോപചാരമർപ്പിക്കുവാനും എത്തിയവർക്കെല്ലാം അമല മോൾ അത്രമാത്രം പ്രിയപ്പെട്ടവളായിരുന്നു.
രോഗത്തിൻ്റെ കഠിനമായ വേദനകൾക്കിടയിലും നിഷ്കളങ്കമായ ആ പുഞ്ചിരിയോടെ തന്നെ സമീപിച്ചവർക്കെല്ലാം സന്തോഷം പകർന്ന് നൽകി അവൾ കടന്നു പോയി. അമല മോളുടെ മധുരമേറിയ ഓർമ്മകൾ പങ്കു വച്ചവർക്കെല്ലാം വളരെ ചെറിയ പ്രായത്തിൽ തന്നെ ദൈവത്തെ അറിഞ്ഞ് പ്രാർത്ഥനയിലൂടെയുള്ള ഒരു ജീവിതമാണ് നയിച്ചതെന്ന് മനസിലാക്കുവാൻ സാധിച്ചു.
രാവിലെ പത്തുമണിക്ക് കുഞ്ഞ് ഓടിക്കളിച്ച ഭവനത്തിൽ അവളുടെ ചലനമറ്റ ശരീരവും വഹിച്ചുള്ള ഫ്യൂണറൽ ഡയറക്ടേഴ്സിൻ്റെ വാഹനം എത്തിയപ്പോൾ കണ്ടുനിന്നവരുടെ കണ്ടമിടറി.
വീട്ടിലെ പ്രാർത്ഥനകൾക്ക് ശേഷം മൃതദേഹം 11 മണിയോടെ ലിവർപൂൾ സെൻ്റ്.മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിലെത്തിച്ചു. തുടർന്ന് പത്തോളം വൈദികരുടെ നേതൃത്വത്തിൽ മൃത സംസ്ക്കാര ശുശ്രൂഷകൾ ആരംഭിച്ചു. ഇടവക വികാരി ഫാ. അഖിൽ ജോയ് മറ്റ് വൈദികരായ രാജു ചെറുവിള്ളിൽ, പീറ്റർ കുര്യാക്കോസ്, എൽദോസ് വട്ടപ്പറമ്പിൽ, എബിൻ മർക്കോസ്, ഫിലിപ്പ് തോമസ്, ജെബിൻ. പി. ഐപ്പ്, സാജൻ മാത്യു, എൽദോ രാജൻ, നിതിൻ സണ്ണി, തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മറ്റ് സഭകളിൽ നിന്നുമുള്ള സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച് ലിവർപൂൾ ഔവർ ലേഡി ക്യൂൻ ഓഫ് പീസ് ഇടവക വികാരി ഫാ.ആൻഡ്രൂസ് ചെതലൻ ദേവാലയത്തിലെത്തി പ്രാർത്ഥനകളിൽ സംബന്ധിച്ചു. ഇൻഡ്യൻ ഓർത്തഡോക്സ് പള്ളി വികാരി ഫാ. എൽദോ, കാർമ്മൽ മാർത്തോമ്മാ ചർച്ച് വികാരി ഫാ.അബു തുടങ്ങിയവർ ഭവനത്തിലെത്തി പ്രാർത്ഥനകൾ നടത്തി.
തുടർന്ന് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പുഷ്പചക്രങ്ങൾ അർപ്പിക്കപ്പെട്ടു. യുക്മ ദേശീയ സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, മുൻ യുക്മ ജോയിൻ്റ് സെക്രട്ടറി മാത്യു അലക്സാണ്ടർ തുടങ്ങിയവർ ചേർന്ന് പുഷ്പ ചക്രം അർപ്പിച്ചു. ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫിൻ്റെ നേതൃത്വത്തിൽ ജോയ് മോൻ തോമസ്, ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡൻ്റ് തമ്പി ജോസ്, തുടങ്ങിയവരും, ഏഷ്യൻ കൾച്ചറൽ അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകളുടെയും വ്യക്തികളുടേയും പേരിലും പുഷ്പചക്രം അർപ്പിച്ചു.
ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2 മണിക്ക് അലെർട്ടെൻ സെമിത്തേരിയിലേക്ക് അമലമോൾ യാത്രയായി. തുടർന്ന് സിമിത്തേരിയിൽ നടന്ന അവസാനത്തെ ശുശ്രൂഷകൾക്ക് ശേഷം കുഞ്ഞു മാലാഖയുടെ ഭൗതിക ശരീരം ലിവർപൂളിൻ്റെ മണ്ണിലേക്ക് ഒരിക്കലും തിരിച്ച് വരാത്ത അന്തിയുറക്കത്തിനായി പ്രവേശിച്ചു.ഹൃദയം നുറുങ്ങുന്ന വേദനയിൽ അമല മോളുടെ ഓർമകളെ നെഞ്ചോടു ചേർത്തു വച്ച് യുകെ മലയാളികൾ അവളെ യാത്രയാക്കി.
ലിവർപൂൾ നോട്ടിആഷിൽ താമസിക്കുന്ന ആശിഷ് പീറ്റർ പരിയാരത്തിന്റെയും എയ്ഞ്ചൽ ആശിഷിന്റെയും ഏക മകളായ അമല മേരി ആശിഷ് (5) ഫെബ്രുവരി 4 വെള്ളിയാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്. രണ്ട് വർഷമായി ലുക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ അമല മോളുടെ മരണവാർത്ത ഞെട്ടലോടെയാണ് യുകെ മലയാളികൾ ശ്രവിച്ചത്. മരണദിനം മുതൽ എല്ലാദിവസവും വൈകുന്നേരം അമലയുടെ ആത്മശാന്തിയ്ക്കായി വീട്ടിൽ പ്രാർത്ഥന നടന്നിരുന്നു. ഇത്രയും നാൾ ഓടി കളിച്ച വീട്ടിൽ ഇനി കുട്ടിയില്ല. എന്നാൽ ആ പിഞ്ചോമനയുടെ ഓർമ്മകൾ അവിടെയെല്ലാം സുഗന്ധം പരത്തും. അമലയുടെ പുഞ്ചിരി മായാതെ അനശ്വരമായി നിലനില്ക്കും.
ലിവർപൂൾ സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ ക്രമീകരിക്കുന്നതിന് ഇടവകാംഗങ്ങൾക്ക് വേണ്ടി മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ബിനുവർക്കി, ട്രസ്റ്റി ജോസ് മാത്യു, മുൻ സെക്രട്ടറി രാജു പൗലോസ് തുടങ്ങിയവർ നേതൃത്വം നൽകി. ഇടവക കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ബിനുവർക്കി ശുശ്രൂഷകളിൽ സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിച്ചു.