സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. പേവിഷ പ്രതിരോധ കർമ്മപദ്ധതി വിശദമായി ചർച്ച ചെയ്യും. തദ്ദേശ ആരോഗ്യ മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന്. മൂന്ന് വകുപ്പുകളുടെയും മന്ത്രിമാർ പങ്കെടുക്കും. തെരുവുനായ വന്ധ്യംകരണം, വാക്സിനേഷൻ എന്നിവയിൽ പ്രഖ്യാപിച്ച കർമ്മപദ്ധതി അവലോകനം ചെയ്യും.അതേസമയം സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം തുടരുകയാണ്. നാല് കുട്ടികളടക്കം ആറുപേര്‍ക്ക് ഇന്നലെ കടിയേറ്റു. കോഴിക്കോട്ടും പാലക്കാട്ടുമാണ് കുട്ടികള്‍ക്ക് കടിയേറ്റത്. കോഴിക്കോട് അരക്കിണറില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരെ തെരുവുനായ ആക്രമിച്ചു. നൂറാസ് (12), വൈഗ (12), സാജുദീന്‍ (44) എന്നിവര്‍ക്കാണ് കടിയേറ്റത്. കുട്ടികളെ തെരുവുനായ്ക്കളില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താജുദീന് കടിയേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് വിലങ്ങാട് ആറാം ക്ലാസുകാരന്‍ ജയസൂര്യയ്ക്കും നായയുടെ കടിയേറ്റു.