Pravasimalayaly

കളങ്കിതനായ വ്യക്തിയെ കളക്ടറാക്കിയത് അംഗീകരിക്കാനാവില്ല; നിയമനം പിൻവലിക്കണമെന്ന് കോൺഗ്രസ്

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കി നിയമിച്ചതിൽ എതിർപ്പ് അറിയിച്ച് കോൺഗ്രസ്. മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ചു മരിച്ച കേസിലെ മുഖ്യപ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. കളങ്കിതനായ ഒരു വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്നും എന്തിന്റെ അടിസ്ഥാനത്തിൽ ആയാലും ഈ നിയമനം പിൻവലിക്കണമെന്നും കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമൻ ചെയ്ത കാര്യങ്ങൾ ജനമനസുകളിൽ നീറിനിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കണം. ഇത് സംബന്ധിച്ച് സമരത്തിലേക്ക് പോകണമോ എന്ന് പാർട്ടി തലത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഷുക്കൂർ പ്രതികരിച്ചു. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിന് എതിരെ കേരള മുസ്ലിം ജമാഅത്ത് ജില്ലാക്കമ്മിറ്റിയും രംഗത്തെത്തിയിരുന്നു.

സർക്കാർ നടപടി അത്യന്തം ഹീനവും നിയമവാഴ്ചയോടുള്ള ധിക്കാരവുമാണ്. കൊലപാതകക്കുറ്റം ചുമത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ നേരിടുന്ന ഒരു വ്യക്തിയെ ഇത്തരം സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നതിലൂടെ നിയമ ലംഘകരെയും തെളിവ് നശിപ്പിക്കുകയും ചെയ്യുന്നവർക്ക് ഓശാന പാടുന്ന വിധത്തിലാണ് സർക്കാരിന്റെ പെരുമാറ്റം. സത്യസന്ധതയോടെയും നീതിപൂർവ്വമായും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കുന്ന നടപടിയാണിതെന്നും ജമാഅത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

ബഷീറിന്റെ മരണത്തെ തുടർന്നുള്ള കേസിൽ സസ്‌പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ, തിരികെ സർവീസിൽ പ്രവേശിച്ചശേഷം ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. ഈ പദവിയിൽ നിന്നാണ് ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചിരിക്കുന്നത്. ആലപ്പുഴയിലെ കളക്ടറായിരുന്ന രേണു രാജിനെ എറണാകുളം ജില്ലയിലെ കളക്ടറായും നിയമിച്ചു.

Exit mobile version