Pravasimalayaly

ഗുലാം നബി ആസാദിനും ആനന്ദ് ശര്‍മ്മക്കും സീറ്റില്ല,ഗ്രൂപ്പ് 23 യിലെ കരുത്തരെ വെട്ടി; രാജ്യസഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

വിമതരെ വെട്ടി കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടിക. പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഗ്രൂപ്പ് 23 നേതാക്കളായ ഗുലാം നബി ആസാദിനും ആനന്ദ് ശര്‍മ്മക്കും സീറ്റില്ല. എന്നാല്‍ മറ്റൊരു നേതാവായ മുകുള്‍ വാസ്നിക്കിന് രാജസ്ഥാനില്‍ നിന്ന് സീറ്റ് നല്‍കിയിട്ടുണ്ട്. പി ചിദംബരം തമിഴ്നാട്ടില്‍ നിന്നും, ജയ്റാം രമേശ് കര്‍ണ്ണാടകത്തില്‍ നിന്നും രാജ്യസഭയിലെത്തും. രണ്‍ദീപ് സിംഗ് സുര്‍ ജേവാല, രാജീവ് ശുക്ല തുടങ്ങിയ വിശ്വസ്തര്‍ക്കും നേതൃത്വം സീറ്റ് നല്‍കിയിട്ടുണ്ട്. അജയ് മാക്കന്‍, രണ്‍ജീത് രഞ്ജന്‍, വിവേക് തന്‍ഖാ, ഇമ്രാന്‍ പ്രതാപ്ഗഡി എന്നിവര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്.

അതേസമയം രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍ കര്‍ണ്ണാടകത്തില്‍ നിന്നും പിയൂഷ് ഗോയല്‍ മഹാരാഷട്രയില്‍ നിന്നും രാജ്യസഭയിലെത്തും. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ആദ്യ പട്ടികയിലില്ല. 16 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. 57 സീറ്റുകളിലേക്ക് അടുത്ത് പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെയാണ്.

Exit mobile version