Pravasimalayaly

സംഘടനയെ ശക്തിപ്പെടുത്താന്‍ അതിവേഗ നടപടിയിലൂടെ കോണ്‍ഗ്രസിന് ബഹുദൂരമെത്താനാവുമോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി സംഘടനയെ ശക്തിപ്പെടുത്താന്‍ അതിവേഗ നടപടികളിലേക്കു കോണ്‍ഗ്രസ് കടക്കുന്നു. ഈ മാസം 26ന് ബൂത്ത് കമ്മിറ്റികള്‍ പുന: സംഘടിപ്പിക്കും. ഇതിനു പിന്നാലെ മണ്ഡലം കമ്മിറ്റികളും ശക്തിപ്പെടുത്തും. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ 30 ന് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പദയാത്ര നടത്തും.
ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലായി മൂന്നു മേഖലാ യോഗങ്ങള്‍ നടത്തും. തിരുവനനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് യോഗം. ഓരോ മേഖലയുടെയും ചുമതലയുള്ള എഐസിസി സെക്രട്ടറി പങ്കെടുക്കും. പിന്നീട് ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും യോഗങ്ങള്‍ ചേര്‍ന്ന് സംഘടനയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും.
എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പങ്കെടുത്ത പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തിലാണ് ഈ തീരുമാനങ്ങളെടുത്തത്. ഗ്രൂപ്പ് പരിഗണനകള്‍ മാറ്റി വച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി നീങ്ങണമെന്ന സന്ദേശമാണ് എഐസിസി നല്‍കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി കൂടുതല്‍ സജീവമായി നേതൃതലത്തിലേക്ക് എത്തണമെന്നും ധാരണയായിട്ടുണ്ട്. സംസ്ഥാനതലത്തില്‍ സംഘടനയില്‍ അഴിച്ചുപണി ഉണ്ടാകില്ലെങ്കിലും ജില്ലാതലത്തില്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ മാറ്റം വരുത്തും. ഇതെല്ലാം ഉടനടി ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന നിലയിലാണ് ചര്‍ച്ചകള്‍ മുന്നോട്ടു പോകുന്നത്. വിജയസാധ്യത തന്നെയായിരിക്കണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രധാന പരിഗണന.
വിവാദവിഷയങ്ങളിലൊന്നും ചര്‍ച്ചകള്‍ ഉണ്ടായില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇതിനിടെ സഭാതര്‍ക്കത്തില്‍ കോണ്‍ഗ്രസിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജയ്‌സണ്‍ ജോസഫ് ആവശ്യപ്പെട്ടു. ഇരുവിഭാഗങ്ങളെയും തെറ്റിദ്ധരിപ്പിക്കുവാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇരുവിഭാഗത്തിലെയും സഭാനേതാക്കളുമായി ചര്‍ച്ച നടത്തി സമാധാനം സ്ഥാപിക്കാന്‍ ശ്രമിക്കണം. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പാര്‍ട്ടി പ്രതിനിധികള്‍ ഈ വിഷയത്തില്‍ തികഞ്ഞ സംയമനത്തോടെ സംസാരിക്കണമെന്നും ജയ്‌സണ്‍ ആവശ്യപ്പെട്ടു.
തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയം നേതൃത്വത്തിന്റെ കണ്ണുതുറപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പു കളിയുമായി മുന്നോട്ടു പോയാല്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന ചിന്ത നേതാക്കള്‍ക്കിടയിലുണ്ടായിട്ടുണ്ട്.  

Exit mobile version