Pravasimalayaly

കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കെവി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എഐസിസി അനുമതിയോടെയാണ് നടപടി. പാര്‍ട്ടി വിരുദ്ധ പ്രകടനം നടത്തിയതിനാണ് തോമസിനെ പുറത്താക്കിയത്. ഇന്ന് തൃക്കാക്കരയില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ കെവി തോമസ് പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. നേരത്തെ തന്നെ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം കെപിസിസി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, അന്ന് നടപടിയെടുക്കാന്‍ എഐസിസി തയ്യാറായിരുന്നില്ല.

ഇന്ന് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ കെ-റെയില്‍ പദ്ധതിയെ അനുകൂലിച്ച് കെവി തോമസ് രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ പുരോഗതിക്കും, സംസ്ഥാന ഗതാഗത വികസനത്തിനും കെ-റെയില്‍ പദ്ധതി ആവശ്യമാണ്. ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സില്‍വര്‍ ലൈന്‍ പോലെയുള്ള ഹൈ സ്പീഡ് വികസന പദ്ധതികള്‍ വേണമെന്നും കെ.വി തോമസ് പറഞ്ഞു.

പാലാരിവട്ടത്ത് നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ വി തോമസ് വേദിയിലെത്തിയത്. ഒരു മണിക്കൂര്‍ ബ്ലോക്കില്‍പ്പെട്ടത് കൊണ്ടാണ് വേദിയിലെത്താന്‍ വൈകിയതെന്ന് കെ വി തോമസ് മുഖ്യമന്ത്രിയോട് പറഞ്ഞു. കെ റെയില്‍ വരേണ്ട ആവശ്യകത ഇതാണെന്ന് മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനും സ്ഥാനാര്‍ത്ഥി ജോ ജോസഫും എല്‍ഡിഎഫിലേയും സിപിഐഎമ്മിലേയും മറ്റു നേതാക്കളും കണ്‍വന്‍ഷന്‍ വേദിയിലുണ്ടായിരുന്നു.

Exit mobile version