Pravasimalayaly

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കോൺ​ഗ്രസ് നേതാവ് മരിച്ചു

കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കോൺ​ഗ്രസ് നേതാവ് മരിച്ചു. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. കോൺ​ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഡി.വി. ബാലകൃഷ്ണനാണ് (64) മരിച്ചത്. ശക്തമായ കാറ്റിൽ പൊട്ടിവീണ കമ്പിയിൽ ബൈക്ക് തട്ടിയാണ്
ഇദ്ദേഹത്തിന് ഷോക്കേറ്റത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴ ശക്തമാവുകയാണ്.13 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കനത്ത മഴയും കാറ്റും വീശിയടിച്ചത്. കൊല്ലം പുനലൂരിൽ ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി. കോട്ടവട്ടം സ്വദേശി സുരേഷിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്ന് പോയി. വയനാട് മീനങ്ങാടിയിൽ അഞ്ച് വീടുകളുടെ മേൽക്കൂരകളാണ് തകർന്നത്.

എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴയാണ് പെയ്തത്. പെരുമ്പാവൂരിൽ റോഡിലേക്ക് മരങ്ങൾ കടപുഴകി വീണു. വൈകുന്നേരം നാലോടെ തുടങ്ങിയ മഴ ഒരു മണിക്കൂറോളം നീണ്ടുനിന്നു. പലയിടത്തും കാറ്റ് വീശിയടിച്ചത് കൃഷിനാശമുണ്ടാക്കി. ശക്തമായ ഇടിയും മിന്നലും പലയിടത്തുമുണ്ടായി. കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളന്‍തണ്ണിയില്‍ ശക്തമായി കാറ്റില്‍ ആറു കുടുംബങ്ങളുടെ കിടപ്പാടം തകര്‍ന്നു. വൈകിട്ട് ഉണ്ടായ കാറ്റില്‍ മണലില്‍ പാറുക്കുട്ടി, ചക്കുംപൊട്ടയില്‍ സി.എ. ഷിജു, സഹോദരന്‍ ഷിബു എന്നിവരുടെ വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും പറന്നു പോയി. കുട്ടികളുടെ പാഠ പുസ്തകങ്ങളും വസ്ത്രങ്ങളും നനഞ്ഞു നശിച്ചു.

ചോലട്ട് കുഞ്ഞുമോന്‍, പേണാട്ട് സംഗീത്, വിശാലാക്ഷി എന്നിവരുടെ വീടുകള്‍ മരങ്ങള്‍ വീണ് തകര്‍ന്നു. തകര്‍ന്ന വീടുകള്‍ കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കൈയ്യന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം, പഞ്ചായത്ത് അംഗങ്ങളായ കെ.എ.സിബി, ജോഷി പൊട്ടയ്ക്കല്‍, മേരി പയ്യാല എന്നിവര്‍ സന്ദര്‍ശിച്ചു.

വാസയോഗ്യമല്ലാത്ത വീടുകളില്‍ കഴിയുന്നവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. തട്ടേക്കാട് കുട്ടമ്പുഴ റൂട്ടില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു. ചെറുവട്ടൂര്‍ നെല്ലിക്കുഴിയില്‍ പീസ് വാലിക്ക് സമീപത്തെ ആനാംകുഴി രമണന്റെ വീടിന്റെ മേല്‍ക്കൂരകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

Exit mobile version