തിരുവനന്തപുരം: തുടര്‍ച്ചയായി തോറ്റും പതിവായി കണ്ടും മടുത്ത മുഖങ്ങളെ നിയമസഭാ തെരഞ്ഞെടുപ്പു സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി നിയമസഭയിലും ആവര്‍ത്തിക്കാതിരിക്കാന്‍ കഴിവുള്ള യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നാണു ഹൈക്കമാന്‍ഡിനോടു സംസ്ഥാന നേതൃത്വം നിര്‍ദേശിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്കു കടക്കാനുള്ള നിര്‍ണായക ചര്‍ച്ചകള്‍ ഇന്നു മുതല്‍ തുടങ്ങും. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍. ഇന്നു രാവിലെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം ചേരും. ഉച്ചയ്ക്കു ശേഷം 140 നിയോജക മണ്ഡലങ്ങളുടെയും ചുമതലയുള്ള കെപിസിസി സെക്രട്ടറിമാരുടെ യോഗം നടക്കും. ഓരോ മണ്ഡലത്തിലും പാര്‍ട്ടി നേരിടുന്ന ദൗര്‍ബല്യങ്ങള്‍ അടക്കമുള്ള ഘടകങ്ങള്‍ വിലയിരുത്തും. സാമുദായിക സ്വാധീനം, പ്രവര്‍ത്തന മികവ് എന്നിവയെല്ലാം വിലയിരുത്തിയുള്ള സമഗ്ര റിപ്പോര്‍ട്ട് കൈമാറാന്‍ കെപിസിസി സെക്രട്ടറിമാരോടു നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സെക്രട്ടറിമാര്‍ നേതൃത്വത്തിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍ ചര്‍ച്ചകള്‍.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസ്ഥാന നേതൃത്വത്തില്‍ കൂടുതല്‍ സജീവമാകണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചിരുന്നു. കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ടെങ്കിലും പദവിയില്ലാതെ തന്നെ സംസ്ഥാനത്തു സജീവമാണെന്ന നിലപാടാണു ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കൂടുതല്‍ ഇടപെടലുണ്ടാകുന്ന തരത്തിലുള്ള മാറ്റം കൊണ്ടു വരണമെന്ന ആവശ്യം ഹൈക്കമാന്‍ഡും മുന്നോട്ടു വയ്ക്കുന്നുണ്ട്.
ബൂത്ത് തലം മുതല്‍ പാര്‍ട്ടി സംവിധാനങ്ങളെ സജീവമാക്കുന്ന തരത്തിലുള്ള പദ്ധതികളാണു തയാറാക്കിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പു തന്നെ ഇടതു മുന്നണി ഘടകകക്ഷിയായ എന്‍സിപിയെ യുഡിഎഫിന്റെ ഭാഗമാക്കാനുള്ള നീക്കങ്ങളും സജീവമാണ്. എന്‍സിപിയെ യുഡിഎഫിലെത്തിക്കുന്നതിന്, പഴയ എന്‍സിപി നേതാവ് കൂടിയായ താരിഖ് അന്‍വര്‍ വലിയ നീക്കമാണു നടത്തുന്നത്. മന്ത്രി എ.കെ. ശശീന്ദ്രന്‍ ഒഴികെയുള്ള പ്രമുഖ നേതാക്കളെല്ലാം യുഡിഎഫിന്റെ ഭാഗമാകുമെന്നാണു കരുതുന്നത്. പിളര്‍പ്പിന്റെ ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായി മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റ് നല്‍കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിയതായും സൂചനയുണ്ട്.