മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് കലക്ടറേറ്റ് വളഞ്ഞ് പ്രതിഷേധിക്കുമെന്ന് ഡി.സി.സി ഭാരവാഹികള്‍ അറിയിച്ചു . ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് ധര്‍ണ സംഘടിപ്പിക്കും.മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളെ നിയന്ത്രിക്കാന്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ജില്ലകളില്‍ അതിന്റെ ചെയര്‍മാന്‍ ജില്ലാ കളക്ടര്‍ ആണ്. ഈ സ്ഥാനത്തേക്ക് വെങ്കിട്ടരാമന്‍ വരുന്നു എന്നതും പ്രതിഷേധത്തിന്റെ ആക്കം കൂട്ടുന്നുണ്ട്.കേസിലെ ഒന്നാം പ്രതിയാണ് വെങ്കിട്ടരാമന്‍. നിലവില്‍ കോടതിയില്‍ വിചാരണ നേരിടുന്നയാളെ വിധി വരുന്നതിന് മുമ്പ് തന്നെ കളക്ടര്‍ പദവിയിലേക്ക് നിയമിച്ചതില്‍ പ്രതിഷേധം വ്യാപകമാണ്.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ നിയമനത്തില്‍ പ്രതിഷേധമറിയിച്ചു. കൊവിഡ് കാലത്ത് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി വെങ്കിട്ടരാമനെ നിയമിച്ചിരുന്നു. കഴിഞ്ഞ ദിവസം ഐ.എ.എസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത്.