Pravasimalayaly

കല്‍പ്പറ്റയില്‍ കൂറ്റന്‍ പ്രകടനവുമായി കോണ്‍ഗ്രസ്; ആയിരത്തിലേറെ പേരെ അണിനിരന്ന് പ്രതിഷേധ റാലി

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് വയനാട്, കല്‍പ്പറ്റയില്‍ കൂറ്റന്‍ പ്രകടനവുമായി കോണ്‍ഗ്രസ്. കെ.സി. വേണുഗോപാല്‍, എംപിമാരായ കെ. മുരളീധരന്‍, ടി.എന്‍. പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആന്റോ ആന്റണി, രമ്യാ ഹരിദാസ്, ടി സിദ്ദിഖ് എംഎല്‍എ, വി.ടി ബല്‍റാം തുടങ്ങിയവരും ആയിരക്കണക്കിന് പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ട്.

പിണറായിയും കൂട്ടരും അക്രമം നിര്‍ത്തി മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്ന് ടി.സിദ്ദിഖ് എംഎല്‍എ പറഞ്ഞു. വയനാട് ഡി.സി.സി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനം കല്‍പ്പറ്റ നഗരത്തിലേക്കാണ് പോകുന്നത്. കല്‍പ്പറ്റയില്‍ വെച്ച് നടക്കുന്ന പൊതുയോഗത്തില്‍ നേതാക്കള്‍ പ്രസംഗിക്കും. പ്രവര്‍ത്തകര്‍ സ്വയം നിയന്ത്രിച്ചു കൊണ്ട് മുന്നോട്ട് പോകണമെന്ന് നേതാക്കള്‍ നിരന്തരം നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ നേരിടാന്‍ കനത്ത പോലീസ് സന്നാഹത്തേയും വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ പോലീസിനെ ഒരുവിധത്തിലും പ്രകടനത്തിനിടയിലേക്ക് കടത്തി വിടുന്നില്ല എന്നതും ശ്രദ്ധേയമാണ്. പോലീസ് ഒരുവിധത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ട എന്ന വാദമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്.

ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധിയുടെ കല്പറ്റയിലെ ഓഫീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. ഓഫീസില്‍ അതിക്രമിച്ചുകയറിയ അമ്പതിലേറെ പ്രവര്‍ത്തകര്‍ ജീവനക്കാരെ വളഞ്ഞിട്ട് ആക്രമിച്ചു. ഇതാണ് രാജ്യമൊട്ടുക്കും കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.

Exit mobile version