Pravasimalayaly

സ്ഥാനാർഥി നിർണയത്തെ ചൊല്ലി തിരുവനന്തപുരത്ത് ബിജെപിയിൽ കലഹം

തിരുവനന്തപുരം:സ്ഥാനാർഥി നിർണയത്തെ ചൊല്ലി തിരുവനന്തപുരത്ത് ബിജെപിയിൽ കലഹം തുടരുന്നു. ശ്രീകാര്യം വാർഡിലെ സ്ഥാനാർഥിയായി ജില്ലാ സെക്രട്ടറിയെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ബൂത്ത് കമ്മിറ്റിയിലെ എഴുപതോളം പേർ രാജിവച്ചതായ കത്ത് പുറത്ത്. എന്നാൽ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും ആരും ബിജെപി പ്രവർത്തകർ അല്ലെന്നും മണ്ഡലം നേതൃത്വം വ്യക്തമാക്കി. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി നിർണയത്തിലെ അവഗണനയിൽ പ്രതിഷേധിച്ചുള്ള പൊട്ടിത്തെറി തുടരുകയാണ്. ജില്ലാ കമ്മിറ്റി അംഗവും മഹിളാമോർച്ച മണ്ഡലം സെക്രട്ടറിയുമൊക്കെ പാർട്ടി വിട്ടതിന് പിന്നാലെ നഗരസഭയിലെ ശ്രീകാര്യം വാർഡിൽ ബിജെപി പ്രവർത്തകർ കൂട്ടരാജി തീരുമാനത്തിലാണ്. ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവിനെ ശ്രീകാര്യത്ത് സ്ഥാനാർഥിയായി പരിഗണിക്കാത്തതിലാണ് പ്രതിഷേധം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന രാജിക്കത്ത് അവഗണനയ്ക്കെതിരായ പ്രതിഷേധം കഴക്കൂട്ടം മണ്ഡലം പ്രസിഡന്റിനെ ചില പ്രവർത്തകർ നേരിൽ കണ്ട് അറിയിച്ചിരുന്നു. പിന്നാലെ ശ്രീകാര്യം വാർഡിലെ 58,59 ബൂത്തുകളിലെ 70 ഓളം പേർ ബിജെപി നിന്ന് രാജിവെയ്ക്കുന്നതായ കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. രാജീവിന് പകരം യുവമോർച്ച നേതാവ് സുനിലിനെ സ്ഥാനാർഥിയാക്കിയതിലാണ് പ്രതിഷേധം. എന്നാൽ രാജിവച്ചെന്ന് പറയുന്നവർ ബിജെപി പ്രവർത്തകർ അല്ലെന്നും രാജിക്കത്ത് ലഭിച്ചില്ലെന്നും കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആർ.എസ്.രാജീവ് പറയുന്നു. സ്ഥാനാർഥിത്വം നിഷേധിച്ചതിലുള്ള പ്രതിഷേധമായി പ്രദേശത്ത് ബിജെപിയുടെ പേരിൽ ബുക്ക് ചെയ്ത് ചുമരുകൾ കോൺഗ്രസ് സ്ഥാനാർഥിക്ക് വേണ്ടി തിരുത്തിയിട്ടുണ്ട്. രാജിക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന്റെ ഞെട്ടലിലാണ് നേതൃത്വം. അതിനാൽ വിഷയത്തിൽ സംസ്ഥാന പ്രസിഡന്റിനടക്കം പരാതി നൽകുമെന്ന് കഴക്കൂട്ടം മണ്ഡലം ഭാരവാഹികൾ വ്യക്തമാക്കി

Exit mobile version