തിരുവനന്തപുരം: പാചകവാതക-ഇന്ധനവില വര്‍ധനവിനെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.
കുതിച്ചുയരുന്ന വിലക്കയറ്റത്തിനും പാചകവാതക-ഇന്ധനവില വർധനവിനുമെതിരെ എഐസിസി “മെഹംഗൈ മുക്ത് ഭാരത് അഭിയാൻ” എന്ന പേരില്‍ മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തുടനീളം നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് കേരളത്തിലും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നത്.
വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും മാര്‍ച്ച് 31ന് രാവിലെ 11ന് ഗ്യാസ് സിലണ്ടര്‍, ഇരുചക്രവാഹനങ്ങള്‍, എന്നിവയില്‍ മാലചാര്‍ത്തി സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ഏപ്രില്‍ 4ന് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും ഏപ്രിൽ 7 ന് കെപിസിസിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്തും ധർണയും മാർച്ചും നടത്തുമെന്നും റ്റി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.