കൊറോണ രണ്ടാംഘട്ട വ്യാപനവും മൂന്നാംഘട്ട വ്യാപനവും സുനാമിപോലെ: ഉദ്ധവ് താക്കറെ

0
74

മുംബൈ: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടായാൽ സുനാമി പോലെ കോവിഡ് 19 ന്റെ രണ്ടാംഘട്ട വ്യാപനമോ, മൂന്നാംഘട്ട വ്യാപനമോ ഉണ്ടായേക്കാമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങൾ കാണിച്ച സംയമനത്തിനും അച്ചടക്കത്തിനും നന്ദി പറയുകയായിരുന്നു മുഖ്യമന്ത്രി. നിലവിൽ മഹാരാഷ്ട്രയിൽ കോവിഡ് 19 വ്യാപനം നിയന്ത്രണവിധേയമാണ്. എന്നുകരുതി സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതിരുന്നാൽ വീണ്ടും വ്യാപനം ഉണ്ടായേക്കാമെന്നാണ് താക്കറേ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എല്ലാ ആഘോഷങ്ങളും നാം മുൻകരുതലോടെയാണ് ആഘോഷിച്ചത്. അത് ഗണേശോത്സവമായാലും ദസ്സറ ആയാലും. ദീപാവലി ആഘോഷിക്കുമ്പോഴും നിങ്ങളോട് ഞാൻ പടക്കം പൊട്ടിക്കരുതെന്ന് അഭ്യർഥിച്ചിരുന്നു. നിങ്ങൾ അത് പാലിക്കുകയും ചെയ്തു. അതുകൊണ്ടെല്ലാം ഇപ്പോൾ കോവിഡിനെതിരായ യുദ്ധം നമ്മുടെ നിയന്ത്രണത്തിലാണ്.-താക്കറെ പറഞ്ഞു. ഞാൻ പറഞ്ഞിരുന്നു ദീപാവലിക്ക് ശേഷം ആൾക്കൂട്ടമുണ്ടാകുമെന്ന്. നിരവധി ആളുകൾ മാസ്ക് ധരിക്കാതെയിരിക്കുന്നത് ഞാൻ കണ്ടു. കോവിഡ് 19 അവസാനിച്ചുവെന്ന് കരുതരുത്. അശ്രദ്ധ പാടില്ല. രണ്ടാംഘട്ട വ്യാപനവും മൂന്നാംഘട്ട വ്യാപനവും സുനാമിപോലെ കൂടുതൽ രൂക്ഷമാണ്. അഹമ്മദാബാദിൽ രാത്രികാല കർഫ്യൂ വരെ ഏർപ്പെടുത്തിയിരിക്കുകയാണ്. വാക്സിൻ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നുവരുമെന്ന് അറിയില്ല. അഥവാ ഡിസംബറിൽ വന്നാൽ തന്നെ മഹാരാഷ്ട്രയിലേക്ക് എപ്പോഴെത്തുമെന്ന് അറിയില്ല. മഹാരാഷ്ട്രയിൽ 12 കോടി ജനങ്ങളാണ് ഉളളത്. അത് രണ്ടുതവണ നൽകേണ്ടതുണ്ട്. അതുകൊണ്ട് നമുക്ക് 25 കോടി ആളുകൾക്കുളള വാക്സിനാണ് വേണ്ടത്. അതിന് സമയമെടുക്കും. ആരാധാനാലയങ്ങൾ തുറന്നിട്ടുണ്ട്. എന്നാൽ അവിടെ ആൾക്കൂട്ടമുണ്ടാകാതെ ശ്രദ്ധിക്കണം. ആവശ്യത്തിന് കിടക്കകളില്ലെങ്കിൽ ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിക്കുമെന്നും പിന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം ജനങ്ങളെ ഓർമിപ്പിച്ചു. വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല. ആൾക്കൂട്ടം ഒഴിവാക്കണമെന്നും മാസ്ക് ധരിക്കണമെന്നും കൈകൾ ഇടയ്ക്കിടെ കഴുകണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഉദ്ധവ്പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇതുവരെ ഏകദേശം 18 ലക്ഷം കോവിഡ് പോസിറ്റീവ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ 82,000 പേരാണ് ചികിത്സയിലുളളത്. ഞായറാഴ്ച 5,753 പുതിയ കേസുകൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരുന്നു

Leave a Reply