അവിവാഹിതരായ അമ്മമാരെ, കറുത്ത സ്ത്രീകളെ…. ഇത് ഞങ്ങളുടെ നിമിഷമാണ്
മിസ്സിസോറിയിൽ നിന്ന് അമേരിക്കൻ പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രഥമ കറുത്ത വർഗ്ഗക്കാരിയായ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ കോറി ബുഷിന്റെ പ്രസംഗം വൈറലാകുന്നു. ” ഈ രാത്രി തീർച്ചയായും ഓർമ്മിക്കപ്പെടേണ്ടതാണ്. അമേരിക്കൻ ഐക്യനാടുകളിലെ കോൺഗ്രസിൽ മിസ്സിസോറിയെ പ്രതിനിധീകരിച്ച ആദ്യത്തെ കറുത്ത സ്ത്രീ, ആദ്യത്തെ നഴ്‌സ്, അവിവാഹിതയായ അമ്മ എന്നീ നിലകളിൽ ഞാൻ നിങ്ങളോട് പറയുന്നു : കറുത്ത സ്ത്രീകൾ, കറുത്ത പെൺകുട്ടികൾ, നഴ്‌സുമാർ, തൊഴിലാളികൾ, അവിവാഹിതരായ അമ്മമാരെ , ഇത് ഞങ്ങളുടെ നിമിഷമാണ്”, വികാരനിർഭരമായി കോറി പ്രസംഗിച്ചു.
അവിവാഹിതയായ അമ്മയെന്ന നിലയിലും കൊറോണ രോഗിയെന്ന നിലയിലും കടന്നു പോയ ദുരനുഭവങ്ങളെക്കുറിച്ചു പ്രസംഗത്തിലൂടെ കോറി വിവരിച്ചു. കൂടാതെ ട്രംപിന്റെ ഭരണ രീതിയെയും പ്രസംഗത്തിലൂടെ അവർ പരോക്ഷമായി വിമർശിച്ചു “വർഷങ്ങളായി, ഞങ്ങളുടെ സ്വന്തം സർക്കാരിൽ നിന്ന് ഞങ്ങളൾ പുറത്താക്കപ്പെടുകയാണ്. വർഷങ്ങളായി, ഞങ്ങളെ അവർ തണുപ്പിൽ ഉപേക്ഷിക്കുന്നു: ഞങ്ങൾ കാറുകളിലും കൂടാരങ്ങളിലും ഉറങ്ങുന്നു, ബില്ലുകൾ അടയ്ക്കുന്നതിന് മൂന്ന് പാർട്ട് ടൈം ജോലികൾ ചെയ്യുന്നു. എന്നാൽ ഇന്ന്, നാമെല്ലാവരും കോൺഗ്രസിലേക്ക് പോകുന്നു”.
അമേരിക്കയിൽ കറുത്ത വർഗ്ഗക്കാർക്കെതിരെ നടന്ന ആക്രമണങ്ങളും പ്രസംഗത്തിലൂടെ കോറി ഓർമിപ്പിച്ചു. ഇത് മൂന്നാം തവണയാണ് അമേരിക്കൻ പ്രതിനിധി സഭയിലേക്കു കോറി മത്സരിക്കുന്നത്. 2018 യിൽ സെനറ്റിലേയ്ക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത്തവണ അമേരിക്കയിലെ ഇടതു പക്ഷ പുരോഗമന പ്രവർത്തകരുടെ പിന്തുണയും കോറിയുടെ വിജയത്തെ സഹായിച്ചിട്ടുണ്ട്. അമേരിക്കയിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയിഡ്ന്റെ കൊലപാതകവും, പെരുകി വരുന്ന കൊറോണ വൈറസ് ഭീതിയും കോറിയിക്ക് അനുകൂല വോട്ടുകൾ നേടിക്കൊടുത്തു.