കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി.
നാളെ നാട്ടില്‍ എത്തുമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചു. എത്തിയാല്‍ ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണം. അന്വേഷണ ഉദ്യോഗസ്ഥന് വിജയ് ബാബുവിനെ ചോദ്യം ചെയ്യാമെന്നും കോടതി അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
വിജയ് ബാബു നാട്ടില്‍ ഇല്ലാത്തതുകൊണ്ട് ഹര്‍ജി മെറിറ്റില്‍ കേള്‍ക്കില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു. വിജയ് ബാബു നാട്ടില്‍ വരികയെന്നതാണ് പ്രധാനം. അടുത്ത ദിവസം നാട്ടില്‍ എത്തുമെന്ന് ഉറപ്പു നല്‍കിയാല്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് അറസ്റ്റില്‍ നിന്നു സംരക്ഷണം നല്‍കാമെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു.
മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുന്നതുകൊണ്ട് ഫലത്തില്‍ എന്താണ് സംഭവിക്കുകയെന്ന കോടതി പൊലീസിനോട് ആരാഞ്ഞു. വിജയ് ബാബു വിദേശത്തു തന്നെ തുടരുകയാവും അതിന്റെ ഫലം. ഇത്രയും ദിവസമായും വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാവാത്തത് എന്തുകൊണ്ടാണ്? വിജയ് ബാബു നാട്ടില്‍ എത്തുകയാണ് പ്രധാനം. നാട്ടില്‍ എത്തി നിയമത്തെ നേരിടട്ടെ. അയാളെ വിമാനത്താവളത്തില്‍ നിന്നു അറസ്റ്റ് ചെയ്ത് ഷോ കാണിക്കാനാണോ പൊലീസ് ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചു.