Sunday, November 24, 2024
HomeNewsKeralaദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകളുണ്ടോയെന്ന് വിചാരണക്കോടതി

ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകളുണ്ടോയെന്ന് വിചാരണക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകളുണ്ടോയെന്ന് വിചാരണക്കോടതി. നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ആക്ഷേപം ഉന്നയിക്കരുതെന്നും തെളിവാണ് പ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടി, ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 

കോടതി രേഖകള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ പ്രോസിക്യൂഷനെ കോടതി വിമര്‍ശിച്ചു. കോടതിയെ പുകമറയില്‍ നിര്‍ത്തരുതെന്ന് ജഡ്ജി പറഞ്ഞു. 

സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകള്‍ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ പറയുന്നത്. അഭിഭാഷകരുടെ നിര്‍ദേശത്തില്‍ ദിലീപ് പത്തിലേറെ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകള്‍ നശിപ്പിച്ചെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

തുടരന്വേഷണം ആരംഭിച്ചതിനു ശേഷം പുറത്തു വരുന്ന തെളിവുകള്‍, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ തുടങ്ങിയവ ദിലീപ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നതാണെന്നും കോടതിയെ അറിയിച്ചു. ദിലീപിന്റെ മൊബൈല്‍ ഫോണിലെ തെളിവുകള്‍ സൈബര്‍ വിദഗ്ധനെ ഉപയോഗിച്ചു നശിപ്പിച്ചതും അന്വേഷണ സംഘം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2017ല്‍ ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിക്കുമ്പോള്‍ മുന്നോട്ടു വച്ച ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകളില്‍ വ്യക്തമാകുന്നത്. അങ്ങനെ ഉണ്ടായാല്‍ വിചാരണക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചിരുന്നു എന്നതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments