നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടത് ആരൊക്കെയെന്നു കണ്ടെത്തണമെന്ന് വിചാരണക്കോടതി. ജിയോ സിം ഉള്ള വിവൊ ഫോണ്‍ ആരുടേതെന്നു കോടതി ആരാഞ്ഞു. കേസില്‍ തുടരന്വേഷത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് മെമ്മറി കാര്‍ഡ് കൈകാര്യം ചെയ്തതെന്ന് കോടതി പറഞ്ഞു. അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും താന്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ല. ബിഗ് നോ ആണ് അവരോടു പറഞ്ഞത്. വിചാരണഘട്ടത്തില്‍ ആവശ്യമെങ്കില്‍ മാത്രമാണ് ദൃശ്യങ്ങള്‍ പരിശോധിക്കുകയെന്നു കോടതി പറഞ്ഞു.തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടിയതായി അന്വേഷണ സംഘം അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശ്യമുണ്ടോയെന്ന ചോദ്യത്തോടെയാണ് കോടതി ഇതിനോടു പ്രതികരിച്ചത്.
അതേസമയം മൂന്നു വ്യത്യസ്ത കോടതികളുടെ കസ്റ്റഡിയില്‍ ആയിരുന്ന കാലത്ത് മൂന്ന് തവണ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായാണ് ഫൊറന്‍സിക് പരിശോധനാ ഫലം. 2018 ജനുവരി 9ന് രാത്രി 9.58, ഡിസംബര്‍ 13ന് 10.58, 2021 ജൂലൈ 19ന് 12.19 എന്നീ സമയങ്ങളില്‍ മെമ്മറി കാര്‍ഡ് തുറന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഒരു തവണ ലാപ്ടോപ്പിലും മറ്റു രണ്ടു തവണ ആന്‍ഡ്രോയ്ഡ് ഫോണിലുമാണ് കാര്‍ഡ് ഉപയോഗിച്ചത്. ഈ ഫോണുകളില്‍ ടെലിഗ്രാം, വാട്ട്സ്ആപ്പ് എന്നീ ആപ്പുകള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.