കൊച്ചി: സില്‍വര്‍ ലൈനില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വസ്തുതകള്‍ സര്‍ക്കാര്‍ മറച്ചു വയ്ക്കുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോടതി തേടുമ്പോള്‍ അതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കോടതി എതിരല്ലെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലാണ് കോടതി ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.സില്‍വര്‍ ലൈന്‍ സര്‍വെ തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് ഇന്ന് വാക്കാല്‍ പരാമര്‍ശിച്ചതിന് പിന്നാലെയാണ് സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. രണ്ട് കേസുകളിലായി രണ്ട് തവണ സിംഗിള്‍ ബെഞ്ച് സില്‍വര്‍ ലൈന്‍ സര്‍വെ നിര്‍ത്തിവെച്ചിരുന്നു. ജനുവരിയിലെ സിംഗിള്‍ ബെഞ്ച് ഉത്തരവ് നേരത്തെ തന്നെ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഫെബ്രുവരി ഏഴിന് പദ്ധതിയുടെ സര്‍വെ നിര്‍ത്തിവെക്കാന്‍ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവും റദ്ദാക്കുമെന്നാണ് ഇന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അപ്പീലിലാണ് വാക്കാല്‍ പരമാര്‍ശം. വിശദമായ ഉത്തരവിറക്കാനായി കേസ് മാറ്റി.ഇന്ന് രാവിലെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ അഡ്വക്കേറ്റ് ജനറല്‍, സിംഗിള്‍ ബെഞ്ചിന്റെ നിലപാടില്‍ തന്റെ അതൃപ്തി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയെന്നായിരുന്നു വാദം. ഡിവിഷന്‍ ബെഞ്ച് കേസില്‍ വിധി പറയാന്‍ മാറ്റിയ കാര്യം സിംഗിള്‍ ബെഞ്ചിനെ അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ സിംഗിള്‍ ബഞ്ച് ഉത്തരവിറക്കിയതെന്നും എജി ആരോപിച്ചു..നാല് ദിവസം മുന്‍പ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ച് മറ്റൊരു കേസില്‍ നിലപാടെടുത്തിരുന്നു. പുതിയ പദ്ധതിയ്ക്കായി കേരള സര്‍വേസ് ആന്‍ഡ് ബൌണ്ടറീസ് ആക്ട് പ്രകാരം സര്‍ക്കാറിന് സര്‍വേ നടത്താമെന്ന് വ്യക്തമാക്കിയായിരുന്നു സിംഗിള്‍ ബഞ്ച് ഉത്തരവ് അന്ന് റദ്ദാക്കിയത്. ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വ്വേ തടഞ്ഞ ജനുവരി 20ലെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാര്‍ അപ്പീല്‍.