തിരുവനന്തപുര: ഹ്യൂണ്ടായ് കാര്‍ നിര്‍മാതാക്കള്‍ നല്‍കിയ പരസ്യം വിശ്വസിച്ച് കാര്‍ വാങ്ങി കബളിക്കപ്പെട്ട വ്യക്തിക്ക് 30,000 രൂപ നഷ്ടപരിഹാരം. തുക ഒരു മാസത്തിനകം പരാതിക്കാരനു നല്‍കിയില്ലെങ്കില്‍ എട്ടു ശതമാനം പലിശയും ചേര്‍ത്തു നല്‍കണമെന്നും തിരുവനന്തപുരം ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര ഫോറം വിധിച്ചു.
2015 ഓഗസ്റ്റ് 26 ന് പരാതിക്കാരന്‍ കരമനയിലെ പോപ്പുലര്‍ ഹ്യൂണ്ടായ് ഷോറൂമില്‍ നിന്നും ഹ്യൂണ്ടായ് എക്‌സന്റ് മോഡല്‍ കാര്‍ 6,09,927 രൂപയ്ക്ക് വാങ്ങി. അലോയ് വീല്‍ അടങ്ങിയ ടയറുകള്‍ നല്‍കുമെന്നായിരുന്നു പരസ്യത്തില്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സ്‌പെയര്‍ ടയര്‍ ആയി സാധാരണ ടയര്‍ ആയിരുന്നു നല്‍കിയത്. കമ്പനി വഞ്ചിച്ചു എന്നു പറഞ്ഞാണ് തിരുവനന്തപുരം സ്വദേശി എന്‍. കൃഷ്ണന്‍ പോറ്റി തര്‍ക്കപരിഹാരഫോറത്തെ സമീപിച്ചത്. ഹ്യൂണ്ടായ് കമ്പനി നല്‍കിയ പരസ്യത്തില്‍ പറഞ്ഞിരുന്ന ആലോയ് വീല്‍ കാറിന്റെ നാലു ടയറുകള്‍ക്ക് മാത്രമായിരുന്നു എന്നും സ്‌പെയര്‍ വീലിന് ഇതു ബാധകമല്ലെന്നും ഹ്യൂണ്ടായ് കമ്പനി വാദിച്ചു. നാല് അലോയ് വീലിന്റെ പണം മാത്രമേ കമ്പനി വാങ്ങിയിട്ടുള്ളൂ എന്നും ഇക്കാരണത്താല്‍ കമ്പനി പരാതിക്കാരന് വഞ്ചിച്ചിട്ടില്ലെന്നും കമ്പനി വാദിച്ചു.
കേന്ദ്ര വാഹന ചട്ടം 138(4)(എ) എന്നീ വകുപ്പുകള്‍ അനുസരിച്ച് ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള ഏല്ലാ വാഹനങ്ങള്‍ക്കും കമ്പനികള്‍ പ്രത്യേകം ബള്‍ബ്, ടയര്‍ എന്നിവ നല്‍കണം എന്ന നിയമം നിലവിലുണ്ടെന്നും ഇവ ഉപയോക്താവിനു കമ്പനി നല്‍കുന്നത് സമ്മാനമായിട്ടല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. പി.വി.ജയരാജന്‍, പ്രീത ജി. നായര്‍, വി.ആര്‍. വിജു എന്നിവരടങ്ങിയ ജില്ലാ തര്‍ക്ക പരിഹാര ഫോറത്തിന്റേതാണു ഉത്തരവ്.