അമേരിക്കയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഡെല്‍റ്റാ വകഭേദമാണ് രാജ്യത്ത് പടരുന്നത്. ഒരാഴ്ചയ്ക്കിടെ ശരാശരി ഒരു ലക്ഷം കോവിഡ് കേസുകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്തത്. വാക്‌സിനേഷന്‍ കുറഞ്ഞ സംസ്ഥാനങ്ങളിലാണ് വീണ്ടും കോവിഡ് വ്യാപനം ഉണ്ടാകുന്നത്. അതേസമയം വാക്‌സിന്‍ എടുക്കാന്‍ ആളുകളെത്താത്തതിനെത്തുടര്‍ന്ന് നിരവധി ഡോസുകളാണ് രാജ്യത്ത് പാഴായത്. ജൂണ്‍ മാസത്തില്‍ 11,000 കോവിഡ് കേസുകളായിരുന്നു ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 1,07,143 ആയി ഉയര്‍ന്നു. കഴിഞ്ഞ നവംബറില്‍ രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ നിലയിലായിരുന്നു. ശരാശരി 2,50,000 കേസുകളായിരുന്നു നവംബറില്‍ റിപ്പോര്‍ട്ട് ചെയ്തത്. വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാത്ത തെക്കന്‍ സംസ്ഥാനങ്ങളിലാണ് കേസുകള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിനംപ്രതി രോഗബാധ വര്‍ധിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരിലും ആശങ്ക ഉണ്ടാക്കുന്നുണ്ട്. ജനങ്ങള്‍ ഇനിയും വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ അമേരിക്കയില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണവും മരണ നിരക്കും ഇനിയും വര്‍ധിക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു. രാജ്യത്ത് 50 ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ രണ്ട് ഡോസും നല്‍കിക്കഴിഞ്ഞു. 70 ശതമാനത്തിലേറെ യുവതി യുവാക്കള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ കോവിഡ് ബാധിച്ച് 44,000ലേറെ പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വ്യക്തമാക്കി. ഇതില്‍ 30 ശതമാനം രോഗികളും കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും ഇത് ജൂണിലേതിനേക്കാള്‍ നാല് മടങ്ങ് കൂടുതലാണെന്നും സി.ഡി.സി പറയുന്നു. വാക്‌സിന്‍ സ്വീകരിക്കാത്ത പ്രദേശങ്ങളിലാണ് കൂടുതലായും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെക്കന്‍ പ്രദേശങ്ങളായ ഫ്‌ലോറിഡ, ലൂസിയാന, മിസ്സിസിപ്പി തുടങ്ങിയിടങ്ങളില്‍ ആശുപത്രികള്‍ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞതായാണ് റിപ്പോര്‍ട്ട്. തെക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ 50 ശതമാനത്തോളം വര്‍ധനവ് ഉണ്ടായതായി സി.ഡി.സി പറയുന്നു.